കുരുന്നുകള്‍ക്ക് ഇനി കണ്ടും കേട്ടും അറിഞ്ഞും വളരാം. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിക്ക് വയനാട് ജില്ലയില്‍ തുടക്കമായി. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് ജില്ലയില്‍ സജ്ജമാകുന്നത്. വര്‍ണ്ണകൂടാരം പദ്ധതിയിലുള്‍പ്പെടുത്തി കോട്ടത്തറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒരുക്കിയ മാതൃക പ്രീ പ്രൈമറി വിദ്യാലയം ടി. സിദ്ധിഖ് എം.എല്‍.എ ഒക്ടോബര്‍ 20 ന് ഉദ്ഘാടനം ചെയ്യും.

2022 മാര്‍ച്ചിലാണ് സമഗ്ര ശിക്ഷ കേരള കോട്ടത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രീ പ്രൈമറി വിദ്യാലയത്തിനായി 15 ലക്ഷം രൂപ അനുവദിച്ചത്. ഹരിത ഉദ്യാനം, വിശാലമായ കളിയിടം, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ്സ് മുറികള്‍ എന്നിവയും വായനാ ഇടം, ഗണിത ഇടം, നിരീക്ഷണ ഇടം, പാവ ഇടം, വരയിടം തുടങ്ങി വിവിധ കോര്‍ണറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുകയും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ചുമര്‍ചിത്രങ്ങള്‍, വര്‍ണ്ണക്കൂടാരത്തിന്റെ പ്രത്യേകതയാണ്.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പാക്കാന്‍ സമഗ്ര ശിക്ഷ കേരള നടപ്പാക്കിയ പ്രീ സ്‌കൂള്‍ ശാക്തീകരണപദ്ധതിയാണ് വര്‍ണ്ണക്കൂടാരം. സംസ്ഥാനത്തെ മുഴുവന്‍ പ്രീ പ്രൈമറി ക്ലാസ്സുകളെയും അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളില്‍ നിലവിലുളള കെട്ടിടങ്ങള്‍ നവീകരിച്ചാണ് പ്രീ പ്രൈമറി ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നത്. പദ്ധതിക്കായി തിരെഞ്ഞെടുത്ത സ്‌കൂളുകളുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ജില്ലയിലെ മാനന്തവാടി ഉദയഗിരി ഗവ. സ്‌കൂള്‍, കുപ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കോട്ടത്തറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മൂലങ്കാവ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വാരാമ്പറ്റ ഗവ. ഹൈസ്‌ക്കൂള്‍, പിണങ്ങോട് ജി.യു.പി സ്‌കൂള്‍ എന്നീ ആറ് വിദ്യാലയങ്ങളെയാണ് തെരഞ്ഞെടുത്തത്. 2022-2023 വര്‍ഷത്തെ പദ്ധതിയില്‍ 26 വിദ്യാലയങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.