ഇ.വി ചാര്‍ജിങ് ശൃംഖലയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
വൈദ്യുതി വിതരണ രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മുണ്ടുപറമ്പ് സബ് സ്റ്റേഷനില്‍ നടന്ന ചാര്‍ജിങ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉത്പാദന രംഗത്ത് 414.7 മെഗാവാട്ട് വര്‍ധനവുണ്ടാക്കാന്‍ കഴിഞ്ഞു. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാം നിലയവും 200 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി പദ്ധതിയുമുള്‍പ്പെടെ 1500 മെഗാവാട്ട് ജല വൈദ്യുതി പദ്ധതിയും 3000 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയും ഉടന്‍ ആരംഭിക്കും. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസഹായത്തോടെ 12000 കോടിയുടെ പദ്ധതി നടത്തി വരുന്നുണ്ട്. രാജ്യത്തെ മറ്റു വൈദ്യുത ബോര്‍ഡുകള്‍ക്ക് കെഎസ്ഇബി മാതൃകയാണ്. വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉന്നം വെക്കുമ്പോള്‍ ശ്രദ്ധേയമായ നിലപാടാണ് കെഎസ്ഇബി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ മൂന്ന് ഫാസ്റ്റ് ചാര്‍ജിങ് യൂനിറ്റുകളും 119 പോള്‍ മൗണ്ടഡ് ചാര്‍ജിങ് കേന്ദ്രങ്ങളുമടക്കം 122 എണ്ണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. നാലു ചക്ര വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനായി പൊന്നാനി, തിരൂര്‍, മലപ്പുറം എന്നീ സ്ഥലങ്ങളിലാണ് മൂന്ന് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമായത്. മുണ്ടുപറമ്പ് സബ്സ്റ്റേഷനിലെ ഇലട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന് പി.ഉബൈദുള്ള എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്തു. സൗര പുരപ്പുറ പദ്ധതിയില്‍ മലപ്പുറത്ത് പൂര്‍ത്തിയായ 146 സൗര നിലയങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലയില്‍ ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാനുള്ള 119 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സെന്ററുകളാണ് സ്ഥാപിതമാകുന്നത്. കേരളമൊട്ടാകെ ഓട്ടോ, ടൂവീലറുകള്‍ക്കായി 1165 ചാര്‍ജിങ് സെന്ററുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കുകയാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, പെട്രോള്‍ വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗത്തിനും വിപണിയുടെ ഉണര്‍വിനും മതിയായ ചാര്‍ജിങ് സ്റ്റേഷന് ശൃംഖല അനിവാര്യമായതിനാല്‍ നോഡല്‍ ഏജന്‍സി എന്ന നിലയില്‍ സംസ്ഥാനത്തുടനീളം മതിയായ തോതില്‍ ചാര്‍ജിങ് സ്റ്റേഷന് ശൃംഖല സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി.എല്‍ നടപടി സ്വീകരിച്ചുവരുന്നു.
എം.എല്‍.എമാരായ അഡ്വ. യു.എ ലത്തീഫ്, പി.നന്ദകുമാര്‍, കെഎസ്ഇബി ചെയര്മാന് ഡോ. രാജന് എന്‍ ഖോബ്രഗഡെ, ഡയറക്ടര്‍ ആര്.സുകു, എ.ഡി.എം എന്‍എം മെഹറലി, ചീഫ് എഞ്ചിനീയര്‍ എസ്.ശിവദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടശ.വി ബാലസുബ്രഹ്മണ്യന്, നൗഷാദ് മണ്ണിശ്ശേരി, പി.സി വേലായുധന്‍കുട്ടി, രാജേഷ് കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.