അന്നമനട ഗവ. യു പി സ്കൂളിന് ‘മലർവാടി’ സമർപ്പിച്ചു

കളിച്ചറിഞ്ഞും അഭിരുചികൾക്കനുസൃതമായും പഠനം മുന്നോട്ടുകൊണ്ടുപോകാൻ ‘മലർവാടി’ സഹായകരമാകുമെന്ന് മന്ത്രി പി രാജീവ്. അന്നമനട ഗവ. യു പി സ്കൂളിൽ അന്താരാഷ്ട്ര മാതൃകയില്‍ നവീകരിച്ച പ്രീപ്രൈമറി വിഭാഗം ‘മലർവാടി’യുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് പൊതുവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ച് കേരളം മുന്നേറുന്നു. ഇതിൻറെ ഭാഗമായി കേരളം സാക്ഷ്യം വഹിക്കുന്ന കാഴ്ചകളാണ് പൊതുവിദ്യാഭ്യാസ മേഖലയിലുള്ള കൊഴിഞ്ഞുപോക്ക് ഇല്ലാതായതും അൺ-എയ്ഡഡ്, സിബിഎസ്ഇ സ്കൂളിൽ നിന്നുള്ള മടങ്ങിവരവുമെന്നും അദ്ദേഹം പറഞ്ഞു.

‘സ്റ്റാർസ്’ പദ്ധതി പ്രകാരം സമഗ്ര ശിക്ഷ കേരളം 10 ലക്ഷം രൂപയും അന്നമനട പഞ്ചായത്ത് 5 ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വിദ്യാർത്ഥികൾക്ക് ഉയർന്ന പഠന നിലവാരം നൽകുന്നതോടൊപ്പം വിനോദത്തിനും ഒരു പോലെ പ്രാധാന്യം നൽകുകയെന്നതാണ് ലക്ഷ്യം. പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി കുട്ടികളിൽ പഠനം സ്വതന്ത്രമായി അനുഭവച്ചറിഞ്ഞ് വൈജ്ഞാനിക മേഖലയെ ആകർഷകമാക്കിയാണ് സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ഒരുക്കിയിരിക്കുന്നത്. ഗണിതയിടം, സംഗീതയിടം, വരയിടം, ‘ഇ’ – യിടം , ചിത്രയിടം, വായനയിടം, അഭിനയയിടം, കളിയിടം, ശാസ്ത്രയിടം,

ഭാഷാ വികസന ഇടം ഇങ്ങനെ 10 ഇടങ്ങളിൽ കുടുംബം, ആഹാരം, ജീവികൾ, കാലാവസ്ഥ, വാഹനങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഗ്രാമം, കലാരൂപങ്ങൾ തുടങ്ങി 30 തീമുകൾ നൽകിയാണ് നിർമ്മാണം.

 

 

കുട്ടികൾക്കായി ആകർഷകമായ പാർക്കും ഒരുക്കിയിട്ടുണ്ട്. സ്കൂൾ മുറ്റത്ത് ഒരുക്കിയിരിക്കുന്ന ഏറുമാടം, കുളം, കളിയൂഞ്ഞാൽ, സ്ലൈഡറുകൾ എന്നിവയെല്ലാം പാർക്കിന്റെ പ്രത്യേകതകളാണ്. വീൽചെയറുകൾക്കായി റാമ്പ് ഒരുക്കി ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിച്ചിരിക്കുന്നത്.

 

 

വിദ്യാലയ അങ്കണത്തില്‍ നടന്ന ചടങ്ങിൽ വി ആർ സുനിൽകുമാർ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി.മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടിവി വി മദനമോഹനൻ, ബ്ലോക്ക്- പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പ്രവർത്തകർ, ബി ആർ സി ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവര്‍ പങ്കെടുത്തു.