കേരളത്തിന്റെ പ്രതിസന്ധി കാലഘട്ടങ്ങളിൽ എൻ.എസ്.എസ് നടത്തിയത് സമാനതകളില്ലാത്ത പ്രവർത്തനമാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. നാഷണൽ സർവീസ് സ്കീമിന്റെ ആദരവ് – 22 ഉദ്ഘാടനം ജെ.ഡി.ടി ഇസ്ലാം കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അർത്ഥപൂർണമായ വിധത്തിൽ ഉപയോഗിക്കാവുന്ന റിസർവ്വ് സേനയായി എൻ.എസ്.എസ് ഉണ്ടെന്നത് സർക്കാരിന് വലിയ അളവിൽ സഹായകമാണെന്നും കോവിഡ്, പ്രളയ കാലഘട്ടങ്ങളിൽ എൻ.എസ്.എസ് പകർന്ന സാന്ത്വനം ചെറുതല്ലെന്നും അവർ പറഞ്ഞു.
എക്സൈസ് വകുപ്പും എൻ.എസ്.എസ്സും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയായ സ്പർശത്തിന്റെ അവാർഡ് വിതരണവും കോവിഡ് വാരിയർസ് സേനക്കുള്ള അനുമോദനവും മന്ത്രി നിർവഹിച്ചു. സംസ്ഥാന എൻ.എസ്.എസ് പൂർവ്വ വിദ്യാർത്ഥി സംഘടനാ രൂപീകരണവും വെബ്സൈറ്റ് ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ എം.കെ.ജയരാജ് മുഖ്യാതിഥിയായിരുന്നു. ജെ.ഡി.ടി ഓർഫനേജ് ആൻഡ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർമാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. അൻസർ ആർ എൻ സ്വാഗതവും ജെ.ഡി.ടി വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ഹമീദ് കെ.കെ നന്ദിയും പറഞ്ഞു.