ഇടുക്കി ജില്ല നേരിടുന്ന വന്യജീവി ശല്യത്തിന് അറുതി വരുത്താൻ ദീർഘകാല പദ്ധതി നടപ്പിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. ജില്ലയിലെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന സര്‍വ്വകക്ഷി യോഗത്തിൽ നേതൃത്വം വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വന്യ ജീവികൾ നാട്ടിലിറങ്ങാതെ വനത്തിന് ഉള്ളിൽ നിൽക്കുന്ന തരത്തിൽ ഒരു സാഹചര്യം വളർത്തിയെടുക്കുക വഴി നാട്ടിലെ ഇവയുടെ ശല്യം കുറയ്ക്കാനാകും.

സങ്കീർണമായ ഒട്ടനവധി പ്രശ്നങ്ങൾ സംസഥാനത്തും ജില്ലയിലും ഉണ്ട്. ഇത്തരം കാര്യങ്ങളിൽ ജില്ലയിലെ സാഹചര്യത്തിനനുസരിച്ചു പ്രശ്നങ്ങൾക്ക് തീർപ്പു കല്പിക്കും. നിലവിൽ ഒരു റാപിഡ് റെസ്പോൺസ് ടീം മാത്രമാണ് ജില്ലയിലുള്ളത്. അതിനാൽ കൂടുതൽ ആർ. ആർ. ടി കളുടെ സേവനം ജില്ലയിൽ സമയബന്ധിതമായി ലഭ്യമാക്കും. ജില്ലയിലെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണുന്നതിനും സി. സി.എഫ് റാങ്കിലുള്ള നോഡൽ ഓഫീസറെ നിയമിക്കും.

സദുദ്ദേശത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് റീബിൽഡ് കേരള. നടപ്പിലാക്കി വരുമ്പോൾ അതിന്റെ ഉദ്ദേശം മാറിപ്പോകുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കണം. വനഭൂമിയോട് അനുബന്ധിച്ച് താമസിക്കുന്ന ജനങ്ങളെ പുനരധിവാസത്തിന് താല്പര്യമുണ്ടെങ്കിൽ മാത്രം മാറ്റി താമസിപ്പിക്കും. ഈ പദ്ധതി ജില്ലയിൽ നടപ്പിലാക്കുക പ്രായോഗികമല്ലായെന്ന് ചർച്ചയിൽ അഭിപ്രായം ഉണ്ടായത് പരിശോധിക്കും. ഇതിനായി പ്രത്യേക പഠന സംഘത്തെ നിയമിക്കും. സർക്കാർ ജനങ്ങൾക്ക് ഒപ്പമാണ്. അവരുടെ പൂർണ സമ്മതത്തോട് കൂടി മാത്രമേ പുനരധിവസിപ്പിക്കൂ.
ബഫർ സോൺ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടുക്കിക്കാരോട് സർക്കാർ അവഗണന കാണിക്കില്ല. മലയോര ജനതയുടെ അഭിപ്രായത്തിന് സർക്കാരിന് വ്യത്യസ്തമായ നിലപാടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളോട് സൗഹൃദപരമായ നിലപാട് സ്വീകരിക്കണം. സമരങ്ങൾ ക്ഷണിച്ചു വരുത്തരുതെന്നും മന്ത്രി പറഞ്ഞു.

ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ട പൊതു പ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകണം. ജില്ലയുടെ ചുമതലയുള്ള മന്ത്രി, എംപി, ജില്ലയിലെ എംഎൽഎ മാർ, ജില്ലാ കളക്ടർ, 5 ഡിഎഫ്ഒ മാർ എന്നിവർ അടങ്ങിയ സമിതി സംയുക്തമായി ജില്ലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു റിപ്പോർട്ട്‌ തയ്യാറാക്കി നിയമസഭ യോഗത്തിന് മുൻപായി സമർപ്പിക്കണമെന്നും യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു.

വിവിധ വിഷയത്തിന്മേൽ ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ അരുൺ ആർ. എസ് വിശദീകരണം നൽകി.