വയനാട് ജില്ലയില്‍ നടന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി നിരവധി സംരംഭകർക്ക് തുണയായി. പി.എം.ഇ.ജി.പി പദ്ധതി പ്രകാരം ആരംഭിച്ച വ്യവസായ യൂണിറ്റ് വിപുലീകരണത്തിനായി ബാങ്ക് ലോൺ ലഭിക്കാത്ത സാഹചര്യത്തിലാണ് മാനന്തവാടി കമ്മന സ്വദേശിനിയായ ഷൈല ജീസസ് പരാതിയുമായി അദാലത്തിൽ എത്തിയത്. ഇന്റർലോക്കുകളും ഹോളോബ്രിക്സുകളും നിർമ്മിക്കുന്ന യുണിറ്റാണ് ഷൈല നടത്തിയിരുന്നത്. കോവിഡും രണ്ട് പ്രളയവും ഷൈല യുടെ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഇന്റർലോക്കുകളും ഹോളോബ്രിക്സുകളും നിർമ്മിക്കുന്ന മെഷീനുകൾ വാടകയ്ക്കെടുക്കേണ്ടി വന്നതു മൂലം കട ബാധ്യതയിലായ ഷൈലക്ക് അദാലത്തിൽ പരാതി പരിഹാരമായി . ബാങ്ക് ലോൺ ഉടനടി പാസ്സാക്കാമെന്ന് അറിയിക്കുകയും ബാങ്കിന്റെ മാനന്തവാടി ശാഖയ്ക്ക് അപേക്ഷ കൈമാറുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ വായ്പ അനുവദിച്ച് നല്കുന്നതും റിവൈവൽ & റീ ഹാബിലിറ്റേഷൻ ഫോർ എം.എസ്.എം.ഇ പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി അനുവദിക്കാനും അദാലത്തിൽ തീരുമാനമായി.

ചകിരിയിൽ നിന്നും നാര് ഉൾപ്പടെയുള്ള വസ്തുക്കൾ നിർമ്മിക്കുന്ന സംരംഭം തുടങ്ങുന്ന
പുല്പ്പള്ളി ശശിമല സ്വദേശിനിയായ കവളക്കാട്ട് അമ്പിളി ജോസിനും കരകൗശല നിർമ്മാണ വിദഗ്ധനായ കൃഷ്ണൻകുട്ടിക്കും അദാലത്തിലൂടെ സംരംഭം തുടങ്ങാനുള്ള വാതിൽ തുറന്നു. ജില്ലയിൽ സംരംഭം നടത്തുന്നവർക്കും തുടങ്ങാൻ പോകുന്നവർക്കും പുത്തൻ പ്രതീക്ഷ നൽകുന്നതായിരുന്നു കൽപ്പറ്റയിൽ നടന്ന മീറ്റ് ദി മിനിസ്റ്റർ അദാലത്ത്.