കാര്‍ഷിക ജോലികള്‍ എളുപ്പമാക്കാന്‍ ഇനി പാടത്തും പറമ്പിലും ഡ്രോണുകള്‍ പറക്കും. വളമിടലും മരുന്ന് തളിയുമടക്കമുള്ള കാര്‍ഷിക ജോലികള്‍ ചെയ്യുന്ന ആധുനിക ഡ്രോണുകളെ പരിചയപ്പെടുത്തിയ കൃഷി വകുപ്പ് എഞ്ചിനിയറിങ് വിഭാഗത്തിന്റെ പ്രദര്‍ശനം ശ്രദ്ധേയമായി. പൊഴുതനയിലായിരുന്നു ജില്ലയിലെ ആദ്യ പ്രദര്‍ശനവും പ്രവര്‍ത്തന രീതി പരിചയപ്പെടുത്തലും. പൊഴുതന എട്ടാം വാര്‍ഡിലെ എച്ച്.എം.എല്‍ പ്ലാന്റേഷനില്‍ നടന്ന പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. പൊഴുതന കൃഷി ഓഫീസര്‍ അമല്‍ വിജയ്, കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി ഡി രാജേഷ്, വര്‍ക്ക് സൂപ്രണ്ട് എ.യൂനുസ് എന്നിവര്‍ നേതൃത്വം നല്‍കി.

വിളയുടെ വളര്‍ച്ച, പരിപാലനം, വളവും കീടനാശിനിയും പ്രയോഗിക്കല്‍ എന്നിവ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവും എന്നതാണ് ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗി ക്കുന്നതിന്റെ നേട്ടം. ഡ്രോണിലൂടെ ഒരേ അളവില്‍ വളവും കീടനാശിനിയും കൃഷിയിടത്തില്‍ സ്‌പ്രേ ചെയ്യാനാകും. തൊഴിലാളികളുടെ ലഭ്യത കുറവിനും പരിഹാരമാണ്. കൃഷിയിടങ്ങളില്‍ നിരീക്ഷണവും ഉറപ്പാക്കാം. കാര്‍ഷിക രംഗം സ്മാര്‍ട്ടാകുന്നതോടെ കൂലി ചെലവിനത്തില്‍ കുറവുണ്ടാകുന്നതോടൊപ്പം കര്‍ഷകന് അധിക വരുമാനം ഉറപ്പാക്കാനും സാധിക്കുമെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ എസ്.എം.എ.എം പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വിലയുള്ള ഡ്രോണുകളാണ് കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്നത്. 4 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ കര്‍ഷകര്‍ക്ക് സബ്സിഡിയുണ്ട്. ഡ്രോണുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വയനാട് കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടണം.