മണ്ണിലും വിണ്ണിലും താരകങ്ങൾ നിറയുന്ന ക്രിസ്മസ് പുതിയ വീടിന്റെ സുരക്ഷിതത്വത്തിലും സന്തോഷത്തിലും ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പൗലോസും ഭാര്യ ശ്യാമളയും. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനും ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വീട് വെക്കാനുള്ള ഭൂമി കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനും ചേർന്നപ്പോൾ മയിലാട്ടുംപാറ, പുളച്ചോട്, നെല്ലിമുട്ടിൽ പൗലോസിനും ശ്യാമളയ്ക്കും പുതുവർഷത്തിൽ സ്വന്തമായത് പുതുപുത്തൻ വീട്.

രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് ടാപ്പിംഗ് തൊഴിലാളികളായി തൃശൂരിൽ എത്തിയവരാണ് ഇരുവരും. ടാപ്പിംഗ് ചെയ്യുന്ന റബ്ബർ തോട്ടത്തിൽ ഷീറ്റ് വലിച്ച് കെട്ടിയ വീട്ടിലായിരുന്നു കഴിഞ്ഞ കുറെ വർഷങ്ങളായി താമസം. 2021-22 സാമ്പത്തിക വർഷത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും വീട് വെയ്ക്കുന്നതിന് ഇവർക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല. തുടർന്ന്  ഇരുവരും തൊഴിൽ ചെയ്യുന്ന സ്ഥലത്തെ ഉടമസ്ഥനായ മടത്തുംപാറ ബേബി സംസ്ഥാന സർക്കാരിന്റെ  മനസോടിത്തിരി മണ്ണ്  പദ്ധതിയുടെ ഭാഗമായി മൂന്ന് സെന്റ് സ്ഥലം നൽകുകയായിരുന്നു.

സ്ഥലം ലഭിച്ചതോടെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് അനുവദിച്ച  നാല് ലക്ഷം രൂപ ഉപയോഗിച്ച് വീട് നിർമ്മാണം പൂർത്തിയാക്കി. മുറ്റം ടൈൽ വിരിച്ച് രണ്ട് മുറികളോട് കൂടിയ അറ്റാച്ച്ഡ് ബാത്ത്റൂം ഉള്ള  മനോഹരമായ വീടാണ് ലൈഫിൽ ദമ്പതികൾക്ക് ഒരുങ്ങിയത്. 68 വയസുള്ള പൗലോസ് വൃക്കരോഗിയാണ്. 56 വയസാണ് ഭാര്യ ശ്യാമളയ്ക്ക്. വാർധക്യത്തിന്റെ അവശതയിലും ടാപ്പിംഗ് തൊഴിലാണ് കുടുംബത്തിന്റെ ആകെയുള്ള വരുമാനം. ലൈഫ് അർഹത പട്ടികയിൽ ഉൾപ്പെടുത്തി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കൂടെ നിന്നതോടെ സ്വന്തം വീടെന്ന 25 വർഷത്തെ കാത്തിരിപ്പ് കൂടിയാണ് അവസാനിക്കുന്നത്. വീടിന്റെ താക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിപി രവീന്ദ്രൻ പൗലോസിനും ശ്യാമളയ്ക്കും കൈമാറി.