വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് കോട്ടേംകുന്നില്‍ ആരംഭിച്ച ലൈബ്രറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗംമൂലം യുവതലമുറയ്ക്ക് വായനാശീലം കുറഞ്ഞെന്നും ആഴത്തിലുള്ള വായന വിശാല മനോഭാവം സൃഷ്ടിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പട്ടാമ്പി എസ്.എന്‍.ജി.എസ് കോളെജിലെ എന്‍.എസ്.എസ്. ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് ലൈബ്രറിയിലേക്കുള്ള 800-ഓളം പുസ്തകങ്ങള്‍ ശേഖരിച്ചത്. വിളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ലൈബ്രറിയുടെ പ്രവര്‍ത്തനം.
കോട്ടേംകുന്ന് സെന്ററില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗം മുജീബ് കരുവാന്‍കുഴി അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ, വാര്‍ഡ് അംഗം രാജന്‍ പുന്നശ്ശേരി, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കൃഷ്ണന്‍കുട്ടി, ടി. ഗോപാലകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് അംഗം ഉഷ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ശ്രീചിത്രന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ രാജന്‍ മാടയില്‍, എസ്.എന്‍.ജി.എസ് കോളെജ് യൂണിയന്‍ ചെയര്‍മാന്‍ ടി. സഞ്ജീവ്, പി.ടി.എ. പ്രസിഡന്റ് എം. സുമേഷ്, കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. അരുണ്‍ മോഹന്‍, ഡോ. എസ്. തന്യം എന്നിവര്‍ പങ്കെടുത്തു.