കോട്ടത്തറ പഞ്ചായത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 586 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 296 ആധാര്‍ കാര്‍ഡുകള്‍, 182 റേഷന്‍ കാര്‍ഡുകള്‍, 260 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 82 ബാങ്ക്അക്കൗണ്ട്, 189 ഡിജിലോക്കര്‍ മറ്റു സേവനങ്ങള്‍ എന്നിവയടക്കം 1336 സേവനങ്ങള്‍ ഒന്നാം ദിവസം നല്‍കി. വെണ്ണിയോട് സുശീലദേവി മെമ്മോറിയല്‍ ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ് അധ്യക്ഷത വഹിച്ചു. അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ് പ്രോജക്ട് അവതരിപ്പിച്ചു. നോഡല്‍ ഓഫീസറായ സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി ക്യാമ്പ് സന്ദര്‍ശിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, കോട്ടത്തറ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹണി ജോസ്, വാര്‍ഡ് മെമ്പര്‍മാരായ പി. സുരേഷ്, മുരളീ ദാസന്‍, ടി.ഇ.ഒ വി.കെ വിനിഷ, പഞ്ചായത്ത് അസി. സെക്രട്ടറി പി. സജി തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് ഡിസംബര്‍ 30 ന് സമാപിക്കും.