സംസ്ഥാന വ്യാപകമായി നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തന മോക്ക് ഡ്രില്ലിന്റെ ഭാഗമായി കൊണ്ടോട്ടി താലൂക്ക് കേന്ദ്രീകരിച്ച് വാഴക്കാട് പഞ്ചായത്തിലെ എളമരം കടവില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന്റെ മാതൃക സൃഷ്ടിച്ചു. കൊണ്ടോട്ടി താലൂക്കിലെ ഐ.ആര്.എസ് ടീമിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിച്ചത്. ജില്ലയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും താലൂക്ക് ഐ.ആര് എസ് ടീമും ജാഗ്രത പുലര്‍ത്തിയിരുന്നു. രാത്രിയോടെ പെയ്ത ശക്തമായ മഴയില്‍ ചാലിയാര്‍ പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നു. മൈനര്‍ ഇറിഗേഷന്‍ കവണ കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജില്‍ നിന്നുമുള്ള ചാലിയാറിലെ ജലനിരപ്പിന്റെ വിവരങ്ങള്‍ കൃത്യമായി ലഭിച്ചതോടെ താലൂക്ക് കണ്ട്രോള് റൂമില്‍ ജീവനക്കാര്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരായി.
വാഴക്കാട് എളമരം കടവ് ഭാഗത്തു ഇന്ന് പുലര്‍ച്ചെ വെള്ളം കയറുകയും 10 കുടുംബങ്ങള്‍ ഒറ്റപെടുകയും ആകെ 15 കുടുംബങ്ങളെ പ്രളയം ബാധിക്കുകയും ചെയ്തതായി കണ്ട്രോള് റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള നടപടികള്‍ ആരംഭിച്ചു.ചാലിയാര്‍ കരകവിഞ്ഞ് നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട് എന്ന വിവരമാണ് ആദ്യം എത്തിയത്. ഇതോടെ പ്രാദേശികമായി ടി.ഡി.ആര്.എഫ് വളന്റിയര്‍മാര്‍ രണ്ട് തോണികളിലായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അല്പസമയം കൊണ്ടുതന്നെ ഫയര്‍ഫോഴ്സ് ഡിങ്കി ബോട്ടുമായി എത്തി. അഞ്ച് ആംബുലന്‍സുകളും സ്ഥലത്ത് കുതിച്ചെത്തി. കിടപ്പ് രോഗികളായ ആളുകളെ തോണിയില്‍ കരക്കെത്തിക്കുകയും തൊട്ടടുത്ത് തന്നെ തയ്യാറാക്കിയ മെഡിക്കല്‍ എയ്ഡ് പോസ്റ്റിലേക്ക് മാറ്റി അടിയന്തരമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു.നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും 29 പേരെയും തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ 40 പേരെയും മൂന്ന് വളര്‍ത്തു മൃഗങ്ങളെയും രക്ഷപ്പെടുത്തി.
ചാലിയാറിന്റെ മറുകരയില്‍ നിന്ന് റെസ്ക്യൂ പ്രവര്‍ത്തനം പൂര്‍ത്തിയായതോടെ തൊട്ടടുത്ത വീടിനു മുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സും വളന്റിയര്‍മാരും ചേര്‍ന്ന് അവരെ താഴെയിറക്കി. തുടര്‍ന്ന് ചാലിയാറിന്റെ തീരത്ത് വീണ്ടും ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്ന വിവരം അറിഞ്ഞ ടി.ഡി.ആര്.എഫ് വളണ്ടിയര്‍മാരും ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സും നടത്തിയ തിരച്ചിലില്‍ മറ്റ് നാലു പേരെ കൂടി കണ്ടെത്തി അവരെയും ദുരിതാശ്വസ കേന്ദ്രത്തിലേക്ക് എത്തിച്ചു. ഇതില്‍ ഏഴ് കുടുംബങ്ങള്‍ ബന്ധു വീട്ടിലേക്ക് മാറ്റിയതായും 32 പേരെ ജലാലിയ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതായും അറിയിപ്പ് നല്കി. മെഡിക്കല്‍ ക്യാമ്പില്‍ 15 പേരും എത്തിയതായി അറിയിച്ചു.
രോഗികളായ നാല് പേരില്‍ രണ്ട് പേരെ തൊട്ടടുത്തുള്ള വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലും ലൈഫ് കെയര്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ജലാലിയ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വസ ക്യാമ്പില്‍ 10 പുരുഷന്മാര് 14 സ്ത്രീകള്‍, എട്ട് കുട്ടികള്‍ എന്നിവര്‍ അന്തേവാസികള്‍ ആയി ഉണ്ട്. മഴ കുറയുകയും ചാലിയാറിലെ ജലനിരപ്പ് കുറയുകയും ചെയ്തതോടെ നിലവില്‍ അപകടകരമായ സാഹചര്യങ്ങളില്ല എന്ന് കൊണ്ടോട്ടി താലൂക്ക് ഐ.ആര്.എസ് റെസ്പോണ്സിബിള് ഓഫീസര്‍ കൂടിയായ എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചതോടെ മോക്ഡ്രില്‍ പൂര്‍ണമായി.
വിജയകരമായി കൊണ്ടോട്ടിയിലെ പ്രളയ ദുരന്ത മുന്നൊരുക്കം
കൊണ്ടോട്ടി താലൂക്ക് തലത്തില്‍ പ്രളയ ദുരന്ത മുന്നൊരുക്കങ്ങളുടെ ഭാഗമായി വാഴക്കാട് എളമരം കടവില്‍ നടത്തിയ മോക്ക് ഡ്രില്‍ കൃത്യമായ ഏകോപനം കൊണ്ട് ശ്രദ്ധേയമായി. പ്രളയ സാധ്യത മുന്നില്‍ കണ്ട് താലൂക്ക് ഐ.ആര് എസ് ടീം സജ്ജരാവുകയും കണ്ട്രോള് റൂമിന്റെ റെസ്പോണ്സിബിള് ഓഫീസറായി എ.ഡി.എം എന്‍.എം മെഹറലി, ഇന്‍സിഡന്റ് കമാന്‍ഡറായി തഹസില്‍ദാര്‍ പി. അബൂബക്കര്‍, ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്‍ഡര്‍ കൊണ്ടോട്ടി ജോയിന്റ് ബി.ഡി.ഒ എസ്. കിഷോര്‍, ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ എ. സുലൈമാന്‍, ലൈസണ്‍ ഓഫീസര്‍ ശരത്ത് ചന്ദ്രന് ബോസ്, ഓപറേഷന് സെക്ഷന്‍ ഡെസ്ക്കില്‍ റെസ്പോണ്‍സ് ബ്രാഞ്ചില്‍ കൊണ്ടോട്ടി എസ്.ഐ നൗഫല്‍,ട്രാന്സ്പോട്ടേഷന് വിങ്ങില്‍ ജോയിന്റ് ആര്.ടി.ഒ കെ.രാജേഷ്, പ്ലാനിങ് സെക്ഷനില്‍ രണ്ട് ഫയര്‍ ഓഫീസര്‍മാരടങ്ങിയ ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസ്, സിറ്റിയൂഷന്‍ യൂണിറ്റില്‍ ജിയോളജിസ്റ്റ് സുനീഷ് കുമാര്‍, കെ.എസ് ഇ.ബി എഞ്ചിനീയര്‍ എം പി അനസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ പി. മെഹബൂബ്, ഡോക്യുമെന്റേഷന് വിഭാഗത്തില്‍ മീഡിയ ഓഫീസര്‍ ടി. ശരണ്യ, സപ്പോര്‍ട്ട് ബ്രാഞ്ചില്‍ ഗ്രൗണ്ട് സപ്പോര്‍ട്ടിന് എല്‍.ആര് ജീവനക്കാരായ എം.ബഷീര്‍ റിസോഴ്സ് പ്രൊവിഷന്‍ യൂണിറ്റില്‍ എന്‍ അനൂപ് ഫെസിലിറ്റീസ് യൂണിറ്റില്‍ എഫ്.അനീഷ് എന്നിവരും ലോജിസ്റ്റിക്ക് സെക്ഷനില്‍ കമ്മ്യൂണിക്കേഷന്‍ വിങ്ങില്‍ ബി. എസ്.എന്‍.എല്‍ ജീവനക്കാരും പൊലീസ് ടെലി കമ്മ്യൂണിക്കേഷന്‍, മെഡിക്കല്‍ യൂനിറ്റില്‍ താലൂക്ക് ആശുപത്രിയിലെ ജെ.എച്ച് ഐ കെ.എന്‍ സജേഷ്, സി.സുരേഷ്, ഫുഡ് യൂണിറ്റില്‍ ആര്.ഐ ഹാഷിം മാലിക്ക്, ഫിനാന്‍സ് വിങില്‍ ടൈം യൂണിറ്റ് എല്‍.ആര് ക്ലര്‍ക്ക് സുനീര്‍ ബാബു, കോമ്പന്‍സേഷന്‍ ക്ലെയിം ഷിജിത്ത്, പ്രൊക്യൂര്‍മെന്റ് യൂണിറ്റില്‍ അഖില്‍, പി.കെ വിജേഷ് എന്നിവരും പ്രവര്‍ത്തിച്ചു.
എളമരം കടവില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ എം.എച്ച് മുഹമ്മദ് അലി , മെഡിക്കല്‍ എയിഡ് പോസ്റ്റ് വാഴക്കാട് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബൈജു , ജലാലിയ സ്കൂളില്‍ ഒരുക്കിയ സ്റ്റേജിങ് ഏരിയയില്‍ വാഴക്കാട് എസ്.ഐ പ്രദീപ്, ക്യാമ്പില്‍ വില്ലേജ് എസ്.വി. ഒ പി. ബിനീഷ്, റിലീഫ് ക്യാമ്പില്‍ വാഴക്കാട് വി. ഒ എന്‍.കെ ഗിരീഷ് ബേസ് ക്യാമ്പില്‍ എ.എം.വി.ഐ കവിതന്‍, ക്യാമ്പ് മാനേജരായി സ്കൂള്‍ അധ്യാപകന് സൈഫുള്ള, ടി.ഡി.ആര് എഫില്‍ നിന്ന് 39 വളന്റിയര്‍മാര്‍ സിവില്‍ ഡിഫന്‍സില്‍ നിന്ന് 19 പേര്, ട്രോമാകെയര്‍ വളന്റിയര്‍മാര്‍ തുടങ്ങിയവര്‍ മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.