മേൽമുറി സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു
2023ഓടെ കേരളത്തിലെ റവന്യൂവകുപ്പിന്റെ മുഴുവൻ വില്ലേജ്, താലൂക്ക് ഓഫീസ് പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയത് സമ്പൂർണ ഇ-സാക്ഷരത സംസ്ഥാനമാക്കി മാറ്റുകയാണ് മുഖ്യലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കാടാമ്പുഴയിലെ മേൽമുറി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസിനെ ജനകീയവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആരംഭിക്കുന്നത്. കേരളത്തിലെ വില്ലേജ്, താലൂക്ക് ഓഫീസുകളിൽ കൂടുതൽ വേഗതയേറിയ ഇ-സംവിധാനങ്ങൾ കൊണ്ടുവരുന്നതിന് എല്ലാ നിയമസഭാ എം.എൽ.എമാരുടെയും ഫണ്ടുകൾ ഉപയോഗിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവഴി അത്തരം ഓഫീസുകളിൽ ആവശ്യമുള്ള കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ എന്നിവ വാങ്ങുന്നതിന് ധനവകുപ്പിന്റെ അനുമതി കാത്ത് നിൽക്കേണ്ട അവസ്ഥ ഒഴിവാക്കാനും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭിക്കുന്നതിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വീട്ടിൽ ഒരാൾക്കെങ്കിലും റവന്യൂ വകുപ്പിന്റെ വിവിധ അപേക്ഷകൾ, സർട്ടിഫികറ്റുകൾ എന്നിവ വില്ലേജ് ഓഫീസിൽ എത്താതെതന്നെ നൽകുന്നതിന് പ്രാപ്തനാക്കുകയാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ താലൂക്ക്തല വികസന സമിതികളെ പോലെ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച മൂന്ന് മണിക്ക് അതത് നിയോജക മണ്ഡലത്തിലെ എം.എൽ.എമാരുടെ അധ്യക്ഷതയിൽ ജനകീയ വില്ലേജ് കമ്മിറ്റിവഴി അവിടെയുള്ള ജനങ്ങളുടെ റവന്യൂ പ്രശ്നങ്ങൾ തീർപ്പാക്കാനുള്ള നടപടികളും പുരോഗമിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഇതെല്ലാം വകുപ്പിനെ കൂടുതൽ ജനകീയമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച കോട്ടക്കൽ വില്ലേജ് ഓഫീസ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസായി നിർമിക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. സേവനങ്ങൾ തേടി വില്ലേജ് ഓഫീസിൽ എത്തുന്നവരുടെ സ്വപ്നങ്ങളുടെ വെളിച്ചം സംരക്ഷിക്കാൻ ജീവനക്കാർക്ക് സാധിച്ചാൽ മാത്രമേ അക്ഷരാർത്ഥത്തിൽ മേൽമുറി വില്ലേജ് സ്മാർട്ട് ആകുകയുള്ളൂവെന്നും അക്കാര്യം ജീവനക്കാർ ശ്രദ്ധിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.
ചടങ്ങിൽ പ്രൊഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ജില്ലാകലക്ടർ വി. ആർ. പ്രേംകുമാർ, മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.സജ്‌ന, ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ.സുബൈർ, മാറാക്കര ഗ്രാമപഞ്ചായത്ത് അംഗം സജിത, തിരൂർ തഹസിൽദാർ പി. ഉണ്ണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.