കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ പശ്ചാത്തലത്തില്‍ ആറാട്ടുപുഴ പൂരം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് ചേംബറില്‍ പ്രത്യേക യോഗം ചേര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പൂരത്തിന് കൂടുതല്‍ ആളുകള്‍ എത്തുമെന്നതിനാല്‍ ആവശ്യമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഏപ്രില്‍ മൂന്നിന് നടക്കുന്ന പൂരത്തിന് എഴുന്നള്ളിക്കുന്ന 70ലേറെ ആനകളുടെ ഫിറ്റ്‌നെസ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്‍മാരുടെയും വിവരങ്ങള്‍ നേരത്തേ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. കൂടുതല്‍ വാഹനങ്ങള്‍ എത്തിച്ചേരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഗതാഗത തടസം ഒഴിവാക്കുന്നതിനായി പാര്‍ക്കിംഗിന് ഉള്‍പ്പെടെ വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പാര്‍ക്കിംഗിന് കൂടുതല്‍ സ്ഥലം കണ്ടെത്തണം. ഇതോടൊപ്പം പ്രദേശത്തെ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിന് പൊലീസ്, ആര്‍ടിഒ, പൊതുമരാമത്ത് വകുപ്പ്, കെഎസ്ടിപി, കെഎസ്ഇബി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരും. ഇറിഗേഷന്‍ കനാലില്‍ നിന്ന് പൂരം നടക്കുന്ന പ്രദേശത്തേക്കുള്ള വെള്ളത്തിന്റെ ചോര്‍ച്ച തടയുന്നതിനായി ഇറിഗേഷന്‍ വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
പൂരം കാണാന്‍ കരുവന്നൂര്‍ പുഴയുടെ അക്കരെ നിന്ന് വരുന്നവരുടെ യാത്ര സുഗമമാക്കുന്നതിന് മന്ദാരം കടവ് ഭാഗത്തെ ചെളി നീക്കം ചെയ്യുകയും ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്‍കി. ഓക്‌സിജന്‍ പാര്‍ലര്‍, ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കണം. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം പൂരം നടത്തിപ്പ്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനുള്ള ഫലപ്രദമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. കൂടുതല്‍ ടോയ്‌ലെറ്റുകള്‍ ഉള്‍പ്പെടെ ശുചീകരണ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പഞ്ചായത്ത് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണന്‍, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ്, ജില്ലാ പഞ്ചായത്ത് അംഗം വി ജി വനജകുമാരി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ കര്‍ത്ത, ആറാട്ടുപുഴ ദേവസംഗമ സമിതി പ്രസിഡന്റ് എ എ കുമാരന്‍, പൂരം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ രാജീവ്, ജനറല്‍ സെക്രട്ടറി കെ മാധവന്‍, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സി സുധാകരന്‍, സെക്രട്ടറി രഘുനന്ദനന്‍, ട്രഷറര്‍ കെ കെ വേണുഗോപാലന്‍, തഹസില്‍ദാര്‍ ടി ജയശ്രീ, പൊലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, സോഷ്യല്‍ ഫോറസ്ട്രി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.