ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം പാലക്കാട് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയുടെ ഭവന സന്ദര്‍ശനത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് അശ്വമേധം ഭവന സന്ദര്‍ശന പരിപാടി സംഘടിപ്പിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ-പട്ടികജാതി-പട്ടികവര്‍ഗ്ഗ-വനിതാ ശിശു വികസന-സാമൂഹ്യനീതി-വിദ്യാഭ്യാസ-തൊഴില്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയിലൂടെ ജില്ലയിലെ മുഴുവന്‍ വീടുകളും ജനുവരി 31 വരെ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ രോഗനിര്‍ണയത്തിന് ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശം നല്‍കും. ചിട്ടയായ ഭവന സന്ദര്‍ശനം നടത്തി ഗൃഹപരിശോധനയിലൂടെ കണ്ടെത്തുന്ന രോഗികള്‍ക്ക് തുടര്‍ചികിത്സയും പദ്ധതിയിലൂടെ ഉറപ്പാക്കും. ഭവനസന്ദര്‍ശനത്തിനായി ഒരു പുരുഷ വളണ്ടിയറും ഒരു സ്ത്രീ വളണ്ടിയറുമടങ്ങുന്ന 3985 സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ആകെ 7970 വളണ്ടിയര്‍മാരാണ് ജില്ലയിലുള്ളത്. അഞ്ച് ടീമുകളെ ഒരു സൂപ്പര്‍വൈസര്‍ മേല്‍നോട്ടം വഹിക്കും.
പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത സന്ദേശം നല്കി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. അലീമ, വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ. ശ്രീജ, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ആല്‍ജോ സി. ചെറിയാന്, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ പി.കെ ലത, വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. നാരായണന്, പബ്ലിക് ഹെല്‍ത്ത് നഴ്സ് സൂപ്പര്‍വൈസര്‍ കെ.എം സബിയ, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.