ഏപ്രില്‍ മാസത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ വിഹിതത്തിന്റെ അളവ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചു. അന്ത്യോദയ അന്ന യോജന(എ.എ.വൈ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 30 കിലോ അരിയും, മൂന്ന് കിലോ ഗോതമ്പും സൗജന്യമായും രണ്ട് പായ്ക്കറ്റ് ആട്ട ആറ് രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മുന്‍ഗണനാ വിഭാഗം(പി.എച്ച്.എച്ച്) കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി വിതരണം ചെയ്യും.

കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും മൂന്ന് കിലോ കുറച്ച്, അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട എട്ട് രൂപ നിരക്കിലും ലഭ്യമാകും. പൊതു വിഭാഗം സബ്സിഡി(എന്‍പിഎസ്) കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിലാണ് ലഭിക്കുക. അതത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് രണ്ട് കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും വിതരണം ചെയ്യും.

പൊതുവിഭാഗം (എന്‍പിഎന്‍എസ്) കാര്‍ഡിന് ഏഴ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് രണ്ട് കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭ്യമാകും. പൊതു വിഭാഗം സ്ഥാപനം (എന്‍പിഐ) കാര്‍ഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും ഒരു കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.