ജില്ലയുടെ സമഗ്ര ആരോഗ്യ വികസനം ലക്ഷ്യമാക്കി വയനാട് മെഡിക്കല്‍ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കാത്ത് ലാബ്, മൾട്ടി പർപ്പസ് കെട്ടിടം എന്നിവ വയനാടിന് മുന്നേറ്റമാകും. മാനന്തവാടിയിൽ നടന്ന ഉദ്ഘാടന ചടങ്ങ് നാടിൻ്റെ ആഘോഷമായി. ഹൃദ്രോഗ ചികിത്സ രംഗത്ത് പുത്തൻ വാഗ്ദാനമാണ് വയനാട് മെഡിക്കല്‍ കോളേജില്‍ ആധുനിക സൗകര്യങ്ങളോടെ തുടങ്ങിയ കാത്ത് ലാബ്.ജന്മനായുള്ള
ഹൃദ്രോഗങ്ങള്‍ ചികിത്സിക്കുന്നതും ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുന്നതിനും കാത്ത് ലാബില്‍ സൗകര്യമുണ്ടാകും. ഇതുകൂടാതെ ഹൃദയ പേശികള്‍ക്ക് പ്രവര്‍ത്തന മാന്ദ്യം അനുഭവിക്കുന്ന രോഗികള്‍ക്ക് സി.ആര്.ടി., കാര്‍ഡിയാക് അറസ്റ്റ് അനുഭവിക്കുന്ന രോഗികള്‍ക്ക് ഐ.സി.ഡി. ഇംപ്ലാന്റേഷന് എന്നിവയും കാത്ത് ലാബ് വഴി നല്‍കാം. ഹൃദയത്തിലെ ധമനികളുടെയും അറകളുടെയും ചിത്രങ്ങളെടുക്കാനുള്ള ഉപകരണങ്ങളും സ്റ്റീനോസിസ് പോലെയുള്ള അസ്വാഭാവികതകളുണ്ടെങ്കില്‍ അവ ചികിത്സിക്കാനുള്ള സംവിധാനവും കാത്ത് ലാബില്‍ ഉണ്ടാകും. കൊറോണറി ആന്‍ജിയോഗ്രാഫി പോലെ കാത്ത് ലാബില്‍ ചെയ്യുന്ന അനേകം പ്രവര്‍ത്തികള്‍ക്ക് പൊതുവായി പറയുന്ന പേരാണ് കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍. ഒരിക്കല്‍ ഒരു കത്തീറ്റര്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ ആന്‍ജിയോ പ്ലാസ്റ്റി, പി.സി.ഐ, ആന്‍ജിയോഗ്രാഫി, ട്രാന്‍സ് കത്തീറ്റര്‍, അയോട്ടിക് വാള്‍വ് റീപ്ലേസ്മെന്റ്, ബലൂണ്‍ സെപ്റ്റോസ്റ്റമി, കത്തീറ്റര്‍ അബ്ലേഷന്‍ എന്നിവ ഉള്‍പ്പെടെ നിരവധി ചികിത്സകള്‍ അവലംബിക്കാന്‍ കഴിയും.
മെഡിക്കൽ കോളേജിൽ മികച്ച ശിശുരോഗ ചികിത്സാ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പീടിയാട്രിക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ബത്തേരി , കൽപ്പറ്റ , വൈത്തിരി, മാനന്തവാടി എന്നീ ഗവ. ആശുപത്രികളിൽ ലേബർ റൂമുകളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചികിത്സാ സേവന രംഗം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടയാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത്. മെഡിക്കൽ കോളേജിൽ 115 അധ്യാപക ഡോക്ടർ തസ്തികകളും 25 അനധ്യാപിക തസ്തികകളുമാണ് സൃഷ്ടിച്ചത്. പീഡിയാട്രിക് ഐ.സി.യു, 30 ഒക്സിജൻ ബെഡുകളും, അത്യാധുനിക കേൾവി പരിശോധന സൗകര്യവും ഇവിടെ ഒരുങ്ങിയിട്ടുണ്ട്.