കേരള ഫിഷറീസ് സമുദ്ര പഠന സർവ്വ കലാശാലയുടെ (കുഫോസ്) കീഴിലുള്ള പയ്യന്നൂർ ഫിഷറീസ് കോളേജിൻ്റെ ഉദ്ഘാടനം ഏപ്രിൽ മൂന്നിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മൈതാനത്ത് നടക്കുന്ന പരിപാടിയിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. എം പി രാജ്‌മോഹന്‍ ഉണ്ണിത്താൻ മുഖ്യാതിഥിയാകും.
2022 ജൂൺ ഒന്നിനാണ് ഫിഷറീസ് കോളേജിന് ഭരണാനുമതി ലഭിക്കുന്നത്. ബിഎ ഫ്എസ്സി കോഴ്സിന് 40 സീറ്റുകളാണ് കോളേജിന് അനുവദിച്ചത്. പയ്യന്നൂരിൽ ടെമ്പിൾ റോഡിൽ 20,000 ചതുശ്ര അടിയിലുള്ള വാടക കെട്ടിടത്തിലാണ് കോളേജ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പയ്യന്നൂർ നഗരസഭയിലെ കോറോം വില്ലേജിൽ പന്ത്രണ്ടര ഏക്കർ സ്ഥലം കോളേജ് കെട്ടിടത്തിനായി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതുവരെ ക്ളാസ്സുകൾ താൽക്കാലിക വാടക കെട്ടിടത്തിൽ നടക്കും.