എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോ​ഗിച്ച് നിർമ്മിച്ച കൊടപ്പുറം തോട് ചീർപ്പിന്റെ ഉദ്ഘാടനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പുതുപടന്ന തോട് നവീകരിക്കുന്നതിനും ജലനിർ​ഗമനം നിയന്ത്രിക്കുന്നതിനുമായി ചീർപ്പ് നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഏഴാം വാർഡിലെ നവീകരണ പ്രവൃത്തികൾക്കായി 54 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചീർപ്പിന്റെ നിർമ്മാണം പൂർത്തിയായതോടെ താഴ്ഭാ​ഗത്ത് ഉപ്പ് വെള്ളം കയറുന്ന പ്രശ്നം ചിലർ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇത് അടിയന്തിരമായി പരിശോധിച്ച് പരിഹാരമാർ​ഗങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നേകാൽ കോടിരൂപ വിനിയോ​ഗിച്ചാണ് കൊടപ്പുറം തോടിൽ ചീർപ്പ് നിർമ്മിച്ചത്. തോടിന് കുറുകെ കൾവെർട്ടും നടപ്പാലവും നിർമ്മിച്ചിട്ടുണ്ട്. പ്രദേശത്തെ കർഷകരുടെ ഏറെ നാളത്തെ ആവശ്യമാണ് ചിർപ്പിന്റെ നിർമ്മാണത്തോടെ യാഥാർത്ഥ്യമായത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.കെ സത്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെെലജ ടി.കെ, പഞ്ചായത്ത് വെെസ് പ്രസിഡന്റ് സി.കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷ ബിന്ദു തച്ചാട്ട്, പഞ്ചായത്തം​ഗം സുധ അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ഉദ്യോ​ഗസ്ഥർ, ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.