മലമ്പുഴ ഡാം ഉദ്യാനത്തിലേക്കുള്ള പുതിയ പാര്‍ക്കിങ് സൗകര്യം രണ്ട് ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് എ. പ്രഭാകരന് എം.എല്‍.എ നിര്‍ദേശിച്ചു. മലമ്പുഴ ഡാം ഉദ്യാനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ നേതൃത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റംസാനോടനുബന്ധിച്ച് ഡാം സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ പാര്‍ക്കിങ് സൗകര്യം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിനുപുറമെ ടൂറിസം വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് ഉദ്യാനത്തില്‍ നടത്താനുദ്ദേശിക്കുന്ന ശുചിമുറി-നടപ്പാത-സെക്യൂരിറ്റി റൂം-ഓട നവീകരണം, കുടിവെള്ളത്തിനായി കിയോസ്ക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് ഇറിഗേഷന്‍ വിഭാഗം മെയ് പത്തിനകം നല്‍കണമെന്നും എം.എല്‍.എ നിര്‍ദ്ദേശം നല്കി.
യോഗത്തില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണിക്ണ്ഠന്‍, ഡി.ടി.പി.സി ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഡി.റ്റി.പി.സി) ശിവശങ്കരന് നായര്‍, മലമ്പുഴ സി.ഐ സിജോ വര്‍ഗീസ്, മലമ്പുഴ ഡാം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുള്‍ സലാം, ഡാം സെക്ഷന്‍ എം.ഇ നീരജ്, മലമ്പുഴ ഗാര്ഡന് സെക്ഷന്‍ ഹെഡ് പത്മജ, മലമ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രവീണ്‍, ഫിനാന്‍സ് ഓഫീസര്‍ യു. പ്രസീത എന്നിവര്‍ പങ്കെടുത്തു.
