പാലപ്പള്ളി തിരുപ്പള്ളി…പുകളേറും രാക്കുളി നാളാണേ.. കടുവ സിനിമയിലെ മലയാളക്കര ഏറ്റെടുത്ത ഹിറ്റ് പാട്ടുകളുടെയും നാടൻ പാട്ടുകളുടെയും കെട്ടഴിച്ച് അതുല്‍ നറുകരയും സംഘവും എന്റെ കേരളത്തിന്റെ മനം കവര്‍ന്നു. പാട്ടിന്റെ പരമ്പരാഗത സങ്കല്പ്പങ്ങളെ തിരുത്തിയെഴുതിയ അതുല്‍ നറുകരയുടെ സോള്‍ ഓഫ് ഫോക്ക് സംഗീത സന്ധ്യ വയനാടിനും നവ്യാനുഭവമായി. എസ്.കെ.എം.ജെ യിലെ എന്റെ കേരളം പ്രദര്‍ശന മേളയുടെ തിങ്ങി നിറഞ്ഞ വേദിയില്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ഓരോ പാട്ടുകളും സദസ്സ് ഏറ്റെടുത്തത്. മണ്ണിന്‌റെ മണമുള്ള പാട്ടുകളും താളങ്ങളും കരിങ്കാളിയും മുടിയുറഞ്ഞു തുള്ളിയ കലാരൂപങ്ങളും വേദിയുടെ നിറചാർത്തായി. ഒന്നിന് പിറകെ ഒന്നായി മലയാളികൾ താളം പിടിച്ച ഒട്ടനവധി പാട്ടുകളും എത്തിയതോടെ സോൾ ഓഫ് ഫോക്ക് ആസ്വാദകരുടെ ഹൃദയം തൊട്ടു. നാടൻ പാട്ടുകളെ ജനകീയമാക്കിയ കലാഭവൻ മണിയുടെയും ഓർമ്മകൾ നിറയുന്നതായിരുന്നു വേദി. വാദ്യമേളപെരുമയിൽ ഇരുപതിലധികം കലാകാരൻമാരാണ് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് എൻ്റെ കേരളം വേദിയിലെത്തിയത്.
പത്ത് വര്‍ഷത്തോളമായി അതുല്‍ നറുകര നാടന്‍പാട്ട് കലാ മേഖലയില്‍ സജീവമാണ്. സോൾ ഓഫ് ഫോക്ക്‌ എന്ന പേരിൽ അതുലും സംഘവും ഇന്ന് ലോകം ചുറ്റുകയാണ്.

2019 വര്‍ഷത്തെ കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവാണ്. 2020 വര്‍ഷത്തെ കലാഭവന്‍ മണി ഓടപ്പഴം പുരസ്‌കാരത്തിനും അര്‍ഹനായി. മമ്മുട്ടിയുടെ പുഴു എന്ന ചിത്രത്തില്‍ പാട്ട് പാടിയാണ് മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് ചുവടുവെച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ടില്‍ ബി ഗ്രേഡും, 2013 ല്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. തുടര്‍ന്ന് മഞ്ചേരി എന്‍എസ്എസ് കോളേജിനുവേണ്ടി തുടര്‍ച്ചയായി മൂന്ന് തവണ സി.സോണ്‍, ഇന്റര്‍ സോണ്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിതീകരിച്ച് രണ്ട് തവണ നാടന്‍പാട്ടിന് സൗത്ത് സോണ്‍ മത്സരത്തിലും ദേശീയ മത്സരത്തിലും പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിരുന്നു. ജീവനുള്ള പാട്ടുകളുടെ നിർവ്വതിയിലായിരുന്നു എന്‌റെ കേരളം വേദിയില്‍ സോൾ ഓഫ് ഫോക്കിന് തിരശീല വീണത്.