രണ്ടു വൃക്കകളും തകരാറിലായ ഭർത്താവിന്റെ ചികിത്സാ സഹായത്തിനു വേണ്ടിയാണ് മുൻഗണനാ റേഷൻ കാർഡിനായി മല്ലിക സന്തോഷ്‌ അദാലത്ത് വേദിയിൽ എത്തിയത്. ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി പി. രാജീവ്‌ റേഷൻ കാർഡ് നൽകി.

അടുത്ത മാസം നിശ്ചയിച്ചിരിക്കുന്ന ശസ്ത്രക്രിയക്കും തുടർന്നുള്ള ചികിത്സ ചെലവിനും കാർഡ് ഉപയോഗപ്പെടുമെന്ന ആശ്വാസത്തിലാണ് ഈ വീട്ടമ്മ.

പ്രവർത്തനരഹിതമായ വൃക്കയുമായാണ് മലയാറ്റൂർ നീലിശ്വരം സ്വദേശി മല്ലികയുടെ ഭർത്താവ് സി.പി.സന്തോഷ് ജീവിക്കുന്നത്. അദ്ദേഹം രോഗബാധിതനായതോടെ ജീവിതത്തിന്റെ താളം തെറ്റി. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസിനു വിധേയമാകേണ്ടി വരുന്നതിനാൽ വലിയ തുകയാണ് ചെലവാകുന്നത്. ഭർത്താവിന് വൃക്ക നൽകാൻ മല്ലിക തയ്യാറാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ശസ്ത്രക്രിയ നീണ്ടു പോയി. സന്നദ്ധ സംഘടനകളിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതിനാൽ ജൂൺ മാസത്തിൽ ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.

17 റേഷൻ കാർഡുകൾ വിതരണം ചെയ്താണ് ആലുവ താലൂക്ക് പരാതി പരിഹാര അദാലത്തിന് തുടക്കമായത്.