ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിച്ച് മനുഷ്യത്വമുഖമാർന്ന വികസന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും ചാവക്കാട് താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയിരുന്നു മന്ത്രി.
അതിദരിദ്രരെ മോചിപ്പിക്കാനുള്ള ശ്രമം ദ്രുതഗതിയിൽ സർക്കാർ നടത്തുകയാണ്. ആദിവാസി ഊരുകളിൽ വൈദ്യുതി, ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയത് ജനകീയ സർക്കാരിന്റെ വികസന മുഖത്തിന് കരുത്തേകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ ജനങ്ങൾക്കും ജീവിത സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷയായ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ പട്ടിക ജാതി പട്ടികവർഗ്ഗ , ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി.
എം എൽ എ മാരായ എൻ കെ അക്ബർ, മുരളി പെരുനെല്ലി, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി വി സുരേന്ദ്രൻ , ജാസ്മിൻ ഷഹീർ , ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , എ ഡി എം ടി മുരളി, ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, ചാവക്കാട് തഹസിൽദാർ സി എസ് രാജേഷ് ,വകുപ്പ് ഉദ്യോഗസ്ഥർ ,ജനപ്രതിനിധികൾ, പൊതുജനങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.