വിധവകളുടെ ക്ഷേമത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി നാദാപുരം പഞ്ചായത്തിൽ എന്യൂമറേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബ്ബാസ് കണയ്ക്കൽ അധ്യക്ഷത വഹിച്ചു.

നാദാപുരം ടി ഐ എം ബിഎഡ് കോളേജിലെ എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ചാണ് എന്യൂമേറ്റർമാർ വീടുകളിൽ പോയി വിധവകളുടെ വിവരശേഖരണം നടത്തുക. പ്രത്യേക ഫോറത്തിൽ ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ലോക വിധവാ ദിനമായ ജൂൺ 23ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കും.

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് സമഗ്ര വിധവാ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.വിമൻ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ പ്രിൻസിയ ബാനു ബീഗം സർവ്വേ ഫോറം പരിചയപ്പെടുത്തി. കോളേജ് സെക്രട്ടറി വി സി ഇക്ബാൽ എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഷെറിൻ മോൾ തോമസ്,അങ്കണവാടി ടീച്ചർമാരായ സവിത,വത്സല എന്നിവർ സംസാരിച്ചു. നിലവിൽ 100 വിധവകളുടെ പേര് വിവരം അംഗൻവാടി മുഖേന ശേഖരിച്ചിട്ടുണ്ട്.

വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ച് വിധവകൾക്ക് വിദഗ്ദ്ധ പരിശീലനം ഉൾപ്പെടെയുള്ളവ നൽകും. ഇതിനായി വിശദമായ പദ്ധതി രേഖ സർക്കാരിനും പ്ലാനിങ് ബോർഡിനും സമർപ്പിക്കും.
സർവ്വേ ഉടൻ ആരംഭിക്കുമെന്നും പ്രായപരിധിയിൽ ഉൾപ്പെട്ടിട്ടുള്ള വിധവകൾ പദ്ധതിയുമായ് സഹകരിക്കണമെന്നും പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.