സർവകലാശാലകൾ ആഗോളമാറ്റങ്ങൾക്കനുസരിച്ച് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനവും പഠന സമ്പ്രദായങ്ങളും നിയമങ്ങളും ആഗോളരീതികളോട് പൊരുത്തപ്പെടണം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന വൈസ് ചാൻസിലർമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പഠനപദ്ധതികൾ ആഗോള സമ്പ്രദായവുമായി പൊരുത്തപ്പെടുന്നവയാക്കണം. ആഗോളതലത്തിൽ ആവശ്യം കൂടിവരുന്ന പഠന പദ്ധതികൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ നമ്മുടെ സർവകലാശാലകൾക്ക് കഴിയും. അതുറപ്പാക്കിയാൽ രാജ്യത്തിനകത്തും പുറത്തു മുള്ള  ധാരാളം വിദ്യാർഥികൾ ഇങ്ങോട്ടുവരുന്ന സ്ഥിതി ഉണ്ടാവും. തൊഴിൽ സാദ്ധ്യത പ്രതീക്ഷിച്ചാണ് കുട്ടികൾ വിദേശത്തേക്ക് കുടിയേറുന്നത്. ഇവിടെ തൊഴിലില്ലായ്മ 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞു എന്നത് ആശാവഹമാണ്.

നമ്മുടെ കുട്ടികൾ കേരളത്തിനു പുറത്തേക്ക് പോകുന്നതുപോലെ പുറത്തുനിന്ന് കുട്ടികൾ ഇങ്ങോട്ടും വരുന്ന സ്ഥിതി ഉണ്ടാവും.ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ കഴിയുന്നതും ഈ വർഷം തന്നെ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സാധ്യമാകുന്ന സർവകലാശാലകളിൽ നാലുവർഷ ബിരുദം ഈ അക്കാദമിക്  വർഷം തന്നെ തുടങ്ങണം. 2024 -25 അധ്യയന വർഷം എല്ലാ സർവകലാശാലകളിലും ഈ സമ്പ്രദായം ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.