അടിസ്ഥാന സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളും ഒരുക്കി വിദ്യാലയങ്ങളെ ഹൈടെക് ആക്കി വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പുരോഗതി കൈവരിച്ച കേരളം രാജ്യത്തിന് മാതൃകയാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം നിയോജകമണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള എം മുകേഷ് എം.എല്‍.എ.യുടെ വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാനസൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു വിട്ടുവീഴ്ചയുമില്ല. കിഫ്ബി ഫണ്ട് ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ മുടക്കിയുള്ള വികസനമാണ് കേരളത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. യൂണിഫോം, പാഠപുസ്തകം, ഉച്ചഭക്ഷണം ഉള്‍പ്പെടെ സൗജന്യമാണ്. ജാതിമത വര്‍ഗഭേദമന്യേ സമത്വത്തില്‍ അധിഷ്ഠിതമായ സമീപനമാണ് പിന്തുടരുന്നത്. വിദ്യാര്‍ഥികളുടെ അഭിരുച്ചിക്ക് അനുസൃതമായ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം ഒരുക്കുന്നത് വഴി ഉന്നത ജീവിത നിലവാരത്തില്‍ എത്തിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മുഖ്യ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

403 വിദ്യാര്‍ഥികള്‍ക്കാണ് കൊല്ലം മണ്ഡലത്തില്‍ മാത്രം മുഴുവന്‍ എപ്ലസ് നേടിയത്. ഇതോടൊപ്പം വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.