തൃശൂരിന്റെ മനോഹാരിത വർണിക്കുന്ന മനക്കൊടി പുള്ള് ഉൾപ്പെടെയുള്ള കോള്‍ പാടങ്ങള്‍, പ്രകൃതിരമണീയമായ വാഴാലിക്കാവ് അമ്പലം, മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങള്‍, മൂന്നാറിന്റെ സൗന്ദര്യ കാഴ്ച്ചകൾ, കടലും കായലും കരയും ഒന്നിക്കുന്ന അഴിമുഖങ്ങൾ… അസി. കലക്ടർ വി എം ജയകൃഷ്ണൻ്റെ ഡ്രോൺ ക്യാമറ ഒപ്പിയെടുത്ത കാഴ്ചകൾക്ക് മിഴിവേറെ. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും പ്രകൃതിയിലേക്ക് തുറന്നുപിടിച്ച കണ്ണുകളാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങളുടെ പ്രത്യേകത. ഡ്രോൺ ക്യാമറയിൽ പകർത്തിയ ഈ മനോഹര ചിത്രങ്ങളുടെ പ്രദർശനത്തിന് കേരള ലളിതകലാ അക്കാദമി ഹാളിൽ തുടക്കമായി. എബൗവ് ആൻഡ് ബിയോണ്ട് എന്നു പേരിട്ട പ്രദർശനം ജൂണ്‍ 21ന് സമാപിക്കും.
യഥാർത്ഥ ജീവിതക്കാഴ്ച്ചകൾ ജനങ്ങളിലേക്ക് എത്തിക്കാൻ അസിസ്റ്റന്റ് കലക്ടർ പകർത്തിയ ഡ്രോൺ ചിത്രങ്ങളുടെ പ്രദർശനം കൊണ്ട് സാധിച്ചുവെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണൻ പകർത്തിയ ഡ്രോണ്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂമിയിലെ കാഴ്ചകളെ പകർത്താൻ തെരഞ്ഞെടുത്ത കേന്ദ്രങ്ങളാണ് ചിത്രങ്ങളിൽ ശ്രദ്ധേയമാവുന്നത്. ചിത്രങ്ങളിലൂടെ ആഴത്തിൽ പതിഞ്ഞ ജീവിത കാഴ്ച്ചകൾ ഒപ്പിയെടുക്കാനുള്ള ദീർഘവീക്ഷണമാണ് ഭരണനിർവണത്തിന്റെ ഓരോ ഘട്ടത്തിലും ജയകൃഷ്ണന് മുന്നോട്ടുള്ള വഴിതെളിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഔദ്യോഗിക തിരക്കുകൾക്കിടയിൽ സ്വന്തം താത്പര്യങ്ങൾക്ക് സമയം കണ്ടെത്തുന്ന അസിസ്റ്റന്റ് കലക്ടരെ മന്ത്രി അഭിനന്ദിച്ചു.
കൊല്ലം ജില്ലയിലെ ജഡായുപ്പാറയുടെ ആകാശ ചിത്രം റവന്യു മന്ത്രിക്കും ജില്ലാ കലക്ടർക്കും അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ സമ്മാനിച്ചു.
കേരളത്തിന്റെ ദൃശ്യഭംഗി നിറഞ്ഞുനില്ക്കുന്ന ഡ്രോണ്‍ ക്യാമറ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കൊല്ലം ജില്ലയിലെ വിസ്മയ കലാസൃഷ്ടിയായ ജഡായുപ്പാറ, ആലപ്പുഴയുടെ പ്രകൃതി മനോഹാരിതയും പ്രതീക്ഷയോടെ വലയെറിയുന്ന മുക്കുവജീവിതങ്ങളും കടൽക്കരയിൽ മണലിൽ എഴുതി കളിക്കുന്ന കുഞ്ഞും തുടങ്ങിയ ആകാശ ജീവിതക്കാഴ്ചകൾ ഡ്രോണിലൂടെ ഒപ്പിയെടുത്തിരിക്കുകയാണ് അസിസ്റ്റന്റ് കലക്ടർ.
ഇന്‍ക്രെഡിബള്‍ ഇന്ത്യയുടെയും കേന്ദ്ര ടൂറിസം വകുപ്പിന്റെയും ആസാദി കാ അമൃത് മഹോത്സവിന്റെയും ഉള്‍പ്പെടെ വെബ് പേജുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ചിത്രങ്ങള്‍ ഫീച്ചര്‍ ചെയ്ത് ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്.
ചടങ്ങിൽ ജില്ലാ കലക്ടര്‍ വി ആർ കൃഷ്ണതേജ അദ്ധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, തൃശൂർ താലൂക്ക് തഹ്സിൽദാർ ടി ജയശ്രീ, ലളിതകലാ അക്കാദമി ചെയര്മാന് മുരളി ചീരോത്ത്, ലളിതകലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു