“കൃഷിക്കൊപ്പം കളമശ്ശേരി” കാർഷിക വികസന പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറേ കടുങ്ങല്ലൂരിൽ ആരംഭിച്ച കൃഷിയുടെ വിത്തിടൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ ഒന്നാം വാർഡിലെ അക്കാറയിൽ കൃഷി ചെയ്യുന്ന കുറ്റിപ്പയർ, മരച്ചീനി എന്നീ വിളകളുടെ വിത്തിടൽ ആണ് നടന്നത്. 65 സെന്റ് സ്ഥലത്താണ് സഹകരണബാങ്കിന്റെ സഹായത്തോടെ കൃഷിയിറക്കുന്നത്.

പഞ്ചായത്തിലെ 1,10,21 വാർഡുകളിൽ കൃഷിയോട് താല്പര്യമുള്ളവരെ കണ്ടെത്തി നാല് ഗ്രൂപ്പുകളായി തിരിച്ചാണ് സഹകരണ ബാങ്ക് സഹായങ്ങൾ നൽകുന്നത്. കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചെറിയ പലിശ നിരക്കിൽ ബാങ്ക് വായ്പ നൽകുന്നുണ്ട്. കൃഷി ചെയ്യുന്നവ വിൽക്കുന്നതിനായി പഴം പച്ചക്കറി വിപണനമേളയും ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് അൻവർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന ശിവശങ്കരൻ, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഒ രാധകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.