ചേറ്റുവയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളവും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപെടുത്തി കരയിലെത്തിച്ചു. കടലില്‍ പത്തൊൻപത് നോട്ടിക്കല്‍ മൈല്‍ അകലെ വാടാനപ്പിളളി വടക്ക് പടിഞ്ഞാറ് കടലിൽ കുടുങ്ങിയ വലപ്പാട് സ്വദേശി അരവിന്ദാക്ഷൻ എന്നയാളുടെ ഉടമസ്ഥതയിലുളള കാവടി എന്ന വള്ളവും 50 മത്സ്യതൊഴിലാളികളെയുമാണ് രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.
രാവിലെ 9.45 ഓടുകൂടിയാണ് വള്ളം കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യേഗസ്ഥരായ വി എൻ പ്രശാന്ത് കുമാർ, ഇ ആർ ഷിനിൽകുമാർ, വി എം ഷൈബു എന്നിവരുടെ നേതൃത്വത്തിൽ കോസ്റ്റൽ എസ് ഐ സജീവ്കുമാർ, സി പി ഒ സനീഷ്, റസ്ക്യൂ ഗാര്‍ഡമാരായ ഷെഫീക്ക്, പ്രമോദ്, ഫസൽ, ഷിഹബ്, ബോട്ട് സ്രാങ്ക് ദേവസ്സി, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിത അറിയിച്ചു.