പരിമിതികൾക്കിടയിലും സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തുന്നു: സ്പീക്കർ
പരിമിതികൾക്കിടയിലും സർക്കാർ വളരെയധികം ആത്മാർഥമായി ഇടപെട്ടാണ് വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചുനിർത്തുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. കണ്ണൂർ ടൗൺ സ്‌ക്വയറിൽ സപ്ലൈകോ ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിപണിയോട് മത്സരിച്ചുകൊണ്ട് ജനങ്ങൾക്ക് ന്യായവിലക്ക് അവശ്യവസ്തുക്കൾ നൽകുക എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാറിനുള്ളത്. ഇതിന് സിവിൽ സപ്ലൈസ് വകുപ്പ് അങ്ങേയറ്റം മാതൃകാപരമായ പ്രവർത്തനമാണ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ നാം ഏതാണ്ടെല്ലാ ഉത്പന്നങ്ങളും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടു തന്നെ നിരവധി പരിമിതികൾ സിവിൽ സപ്ലൈസ് വകുപ്പിനും നമ്മുടെ സംസ്ഥാനത്തിനും ഉണ്ട്.
ഇറക്കുമതി ചെയ്യുമ്പോഴുള്ള വാഹനത്തിന്റെ ചാർജ് ഉൾപ്പെടെ വലിയ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാറിന് വരുന്നു. ഇതുമൂലം വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഭക്ഷ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് 13 അവശ്യ ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് സാധാരണക്കാരന് ലഭിക്കാൻ ഉതകുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഈ ഓണക്കാലത്ത് ഒരാളുടെ വീട്ടിലും പട്ടിണി ഉണ്ടാവാൻ പാടില്ല. ഓണം ഫെയറിൽ കൃത്യമായി അവശ്യ ഉത്പന്നങ്ങൾ സ്‌റ്റോക്ക് തീരുമ്പോൾ തന്നെ എത്തിക്കാൻ ഉദ്യോഗസ്ഥർ ഇടപെടണമെന്നും സ്പീക്കർ പറഞ്ഞു.
സപ്ലൈകോ ഓണം ഫെയറിൽ പൊതുവിപണിയുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള വിലക്കുറവ് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെയാണ്. വിവിധ ഉത്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ട്. സപ്ലൈകോ ഓണം ഫെയറിലെ സബ്‌സിഡി ഉത്പന്നങ്ങളുടെ വിലനിലവാരം (ഒരു കിലോ നിരക്കിൽ): ചെറുപയർ 74, ഉഴുന്ന് 66, കടല 43, വൻപയർ 45, തുവരപരിപ്പ് 65, മുളക് 75, മല്ലി 79, പഞ്ചസാര 22, ജയ അരി 25, കുറുവ അരി 25, മാവേലി പച്ചരി സോർട്ടെക്‌സ് 23, മാവേലി മട്ട അരി സോർട്ടെക്‌സ് 24, എഫ്‌സിഐ പച്ചരി 23, എഫ്‌സിഐ പുഴുക്കലരി 25, ശബരി വെളിച്ചെണ്ണ സബ്‌സിഡി 500 എംഎൽ + നോൺ സബ്‌സിഡി 500 എംഎൽ 126.
രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ആദ്യവിൽപന നടത്തി. ജില്ലാ സപ്ലൈ ഓഫീസർ എം സുൽഫിക്കർ, സപ്ലൈകോ ഡിപ്പോ മാനേജർ മാധവൻ നമ്പൂതിരി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി പി സുധാകരൻ, വെള്ളോറ രാജൻ, ടി സി മനോജ്, കെ പി താഹിർ, കെ പി ദീലീപ്, സി ധീരജ് എന്നിവർ സംസാരിച്ചു.