സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നവസംരംഭകരെ കൈപിടിച്ചുയര്‍ത്തുന്നതിനുമായി കോതമംഗലം നഗരസഭയില്‍ പൊതുബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.കെ. ടോമി ശില്‍പശാല ഉദ്ഘാടനം ചെയ്തു.

എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന മുദ്രാവാക്യമുയര്‍ത്തി ഈ സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷം 2.0 ആയാണ് വ്യവസായ വകുപ്പ് ആചരിക്കുന്നത്. ഉല്‍പാദനം, സേവനം, വാണിജ്യം തുടങ്ങിയ വിവിധ മേഖലകളില്‍ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ക്യാംപയിനിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 185 സംരംഭങ്ങളാണ് കോതമംഗലം നഗരസഭ പരിധിയില്‍ ആരംഭിച്ചത്. സംരംഭകര്‍ക്കായി വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, സേവനങ്ങള്‍, സഹായങ്ങള്‍, ലോണ്‍ എന്നിവയെ കുറിച്ച് പൂര്‍ണ അറിവ് നല്‍കും വിധമാണ് ശില്‍പശാല ക്രമീകരിച്ചിരുന്നത്. ശില്‍പശാലയുടെ ഭാഗമായി സൗജന്യ ഉദ്യം രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

കോതമംഗലം നഗരസഭ ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. എ നൗഷാദ്, കെ.വി തോമസ്, രമ്യ വിനോദ്, അഡ്വ. ജോസ് വര്‍ഗീസ്, കൗണ്‍സിലര്‍മാരായ എല്‍ദോസ് പോള്‍, പി. ആര്‍ ഉണ്ണികൃഷ്ണന്‍, മിനി ബെന്നി, റോസ്ലി ഷിബു, റിന്‍സ് റോയി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സാലി വര്‍ഗീസ്, വ്യാപാര വ്യവസായ സമിതി ഭാരവാഹി എ.യു അഷറഫ്, കാനറ ബാങ്ക് തങ്കളം ബ്രാഞ്ച് മാനേജര്‍ കെ. അതുല്‍ ബാലന്‍, നഗരസഭയിലെ എന്റര്‍പ്രൈസ് ഡവലപ്‌മെന്റ് എക്സിക്യൂട്ടീവുമാരായ ( ഇ.ഡി.ഇ ) നീനു പോള്‍, ജിറ്റു മോഹന്‍, മറ്റ് പഞ്ചയാത്തുകളിലെ ഇ.ഡി.ഇമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.