വയനാട്: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം, ഓഫിസ് പരിസര ശുചീകരണം, കോളനികളില്‍ ശുചിത്വ സര്‍വേ, പ്രളയാനന്തര ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരുന്നു കോളനികളിലെ പി.എം.എ.വൈ വീടുകളില്‍ ശുചിത്വ സര്‍വേ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ക്ക് വര്‍ക്ക് സൈറ്റില്‍ നടത്തിയ ആരോഗ്യ ബോധല്‍വല്‍ക്കരണ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, സാക്ഷരത പ്രേരക്മാര്‍, എസ്.സി പ്രമോട്ടര്‍മാര്‍, എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ക്കായി നടത്തിയ പ്രളയാനന്തര ആരോഗ്യവും ശുചിത്വവും സെമിനാറില്‍ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ രാജേഷ് ക്ലാസെടുത്തു. ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ട്രൈബല്‍ സബ് പ്ലാനിനെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസര ശുചീകരണത്തിന് ജനപ്രതിനിധികളും ജീവനക്കാരും നേതൃത്വം നല്‍കി.
