ആട്ടവും പാട്ടും കളിചിരിയുമായി കുട്ടികളുടെ നാല് ദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് സമാപനമായി.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖത്തിലാണ് ആദിവാസി ഊരുകളിലേയും തീരദേശ മേഖലയിലെയും കുട്ടികൾക്കായി ‘ആട്ണ് പാട്ണ് കൂട്ണ്’ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി സിനിമാ പ്രദർശനം, സംവാദം, പപ്പട്രി തിയ്യറ്റർ , പാവ നിർമ്മാണം, ചിത്രം വര, കളിമൺ ശിൽപ നിർമ്മാണം, കടൽ അറിയൽ , മുതിർന്ന മത്സ്യ തൊഴിലാളികളുമായി സംവാദം എന്നിവ വിവിധ ദിവസങ്ങളിൽ നടന്നു. അമ്പതോളം കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി.

സമാപന സമ്മേളനത്തിൽ തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേ മുഖ്യാതിഥിയായി.ജില്ലാ വനിത ശിശു വികസന ഓഫീസർ പി മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ എ ബിന്ദു,സിഡിപിഒമാരായ കെ യമുന, എസ് നീന, എൽ രജ്ഞിനി തുടങ്ങിയവർ പങ്കെടുത്തു.

ആദ്യ ദിനത്തിൽ ആക്ടിങ്ങ് ട്രയ്നർ പരപ്പു നയിച്ച തിയറ്റർ ക്ലാസ് ശ്രദ്ധേയമായി. കുട്ടികൾക്ക് ഉപകാരപ്രദമായ മോട്ടിവേഷൻ ക്ലാസും ക്യാമ്പിന്റെ മുഖ്യാകർഷണമായി. ചാവക്കാട് ശിക്ഷക് സദനിൽ സെപ്റ്റംബർ ഒന്ന് മുതൽ നാല് വരെയായിരുന്നു ക്യാമ്പ് .