ജില്ലാ കളക്ടർ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
തൃപ്പൂണിത്തുറ നഗരസഭയെ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ഒരുങ്ങുന്നു. 4035 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഇരുമ്പനം ശ്മാശനത്തിന്റെ കോമ്പൗണ്ടിൽ നിർമ്മിക്കുന്ന സെഗ്രിഗേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് നിർവഹിച്ചു.
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാന സർക്കാരിന്റെ ഊർജ്ജിതമായ പ്രവർത്തനങ്ങളുടെ ഭാഗമായി തൃപ്പുണിത്തുറ നഗരസഭ ” മാലിന്യമുക്ത നഗരസഭ – തനിമ യോടെ തൃപ്പുണിത്തുറ” എന്ന ക്യാമ്പയിനുമായി മികച്ച പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.
അജൈവ മാലിന്യ സംസ്കരണ രംഗത്ത് 49 ഡിവിഷനുകളിലും രണ്ട് ഹരിതകർമ്മ സേനാംഗങ്ങൾ വീതം എല്ലാ മാസവും വീടുകളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ചുവരുന്നു. ഇത് കൃത്യമായി സെഗ്രിഗേഷൻ സെന്ററുകളിൽ എത്തിച്ച് തരം തിരിച്ച് അക്രഡിറ്റഡ് ഏജൻസി വഴി സംസ്കരിച്ചുവരുന്നു. മാലിന്യ സംസ്കരണം കൃത്യമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റീരിയൽ ഫെസിലിറ്റി സെന്റർ നിർമ്മിക്കുന്നത്.
ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷത വഹിച്ചു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.വി ഷഫീഖ്, നഗരസഭ വൈസ് ചെയമാൻ, കെ.കെ പ്രദീപ് കുമാർ, നഗരസഭ അംഗങ്ങൾ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.