തിരികെ സ്കൂളിലേക്ക് പദ്ധതിയിലൂടെ കൂടുതല്‍ അറിവ് നേടണമെന്നും വീണ്ടും സ്കൂളിലേക്ക് പോകാന്‍ കഴിയുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. തിരികെ സ്കൂളില്‍ കുടുംബശ്രീ സി.ഡി.എസ് ജില്ലാതല ക്യാമ്പയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പഠന കാലമാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല കാലം എന്ന് പറയുന്നത്. തിരികെ സ്കൂളിലേക്ക് എത്തിയ എല്ലാവര്ക്കും ഒന്നാം ക്ലാസിലേക്കും രണ്ടാം ക്ലാസിലേക്കും പോയ മനസ്സാണ്. നമ്മള് പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് അസംബ്ലിയില്‍ പോയി പ്രാര്‍ത്ഥനയും മറ്റ് കാര്യങ്ങളെല്ലാം ചെയ്ത് സ്കൂള്‍ ഓര്മ പുതുക്കുക കൂടിയാണ് ഇന്ന് മന്ത്രി പറഞ്ഞു.
കൂടുതല്‍ അറിവ് നേടുക എന്നതാണ് ഏറ്റവും പ്രധാനം. അക്ഷരാഭ്യാസം ഉള്ളത് കൊണ്ടോ അല്ലെങ്കില്‍ വലിയ ആളായത് കൊണ്ടോ അറിവ് ഉണ്ടാകണമെന്നില്ലെന്നും തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകണമെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു.
ജില്ലയില്‍ തിരികെ സ്കൂള്‍ ക്യാമ്പയിന്റെ ഭാഗമായി 99 സിഡിഎസുകളിലായാണ് ക്യാമ്പയിന് നടത്തിയത്. ജില്ലയില്‍ 8543 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 38,086 അംഗങ്ങള്‍ ആദ്യ ബാച്ച് ക്ലാസ്സില്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി മഴയത്തും അയല്‍ക്കൂട്ട അമ്മമാര്‍ കൃത്യം 9.30 ന് തന്നെ അസബ്ലിക്ക് എത്തി.
ജില്ലയില്‍ 103 സ്കൂളുകളിലായി 940 ക്ലാസ്സ് മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് വിഷയങ്ങളിലായി 1279 അധ്യാപകരാണ് ക്ലാസുകള്‍ എടുക്കുന്നത്. ചില സിഡിഎസുകളില്‍ അമ്മമാരുടെ കൂടെ വന്ന കുഞ്ഞു കുട്ടികള്‍ക്കായി ക്രഷുകള്‍ സജ്ജമാക്കി. 90 വയസ്സായ അയല്‍ക്കൂട്ട അംഗം വരെ ക്യാമ്പയിനു പങ്കാളിയായി. മതിലകം സിഡിഎസില്‍ ട്രാന്സ്ജന്ഡര് അംഗങ്ങളും ക്ലാസ്സില്‍ പങ്കെടുത്തു.
ചേലക്കര എസ്എംടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം കെ ആര് മായ, ചേലക്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ കെ ശ്രീവിദ്യ, വാര്‍ഡ് മെമ്പര്‍ ടി ഗോപാലകൃഷ്ണന്, കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ ഡോ. കവിത, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശോഭന തങ്കപ്പന്, സംസ്ഥാന മിഷന് പ്രതിനിധികളായ പ്രോഗ്രാം ഓഫീസര്‍ മനോജ്, പ്രോഗ്രാം മാനേജര്‍ സിന്ധു, പ്രീതി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതാത് സ്ഥലങ്ങളില്‍ എംപി, എംഎല്‍എമാര്‍, തദ്ദേശ സ്വയം ഭരണ അധ്യക്ഷന്മാര് ഉള്‍പ്പെടെ പതാക വീശി അസംബ്ലി യ്ക്ക് തുടക്കം കുറിച്ചു.