ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളില്‍ നിന്ന് ദേശീയപാതയിലേക്ക് പ്രവേശനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ദേശീയപാത അതോറിറ്റി പുറത്തിറക്കിയ ആക്സസ് പെര്‍മിറ്റ് മാനദണ്ഡങ്ങളെ കുറിച്ച് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും പരിശീലനം നല്കാന് ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. ആക്സസ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാനും ജില്ലാ കളക്ടര്‍ വി ആര് കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് എക്സിക്യൂട്ടിവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്കി.
ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലെ അമൃത് കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍ കെ അക്ബര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31 നകം പദ്ധതി പൂര്‍ത്തീകരിക്കും. കുമ്പുള്ളി പാലം, ചിറക്കല്‍ പാലം എന്നിവയിലൂടെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണെന്നും കേരള വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മലക്കപ്പാറ റോഡ് നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം റോഡ് നിര്‍മ്മാണമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ചാലക്കുടി മലയോര മേഖലയില്‍ ജലജീവന്‍ മിഷന് പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
മുപ്ലിയം, ചിമ്മിനി, വെള്ളിക്കുളങ്ങര, വെള്ളാനിക്കോട് തുടങ്ങിയ മലയോര മേഖലകളിലേക്ക് നേരത്തെ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കെ കെ രാമചന്ദ്രന് എംഎല്‍എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
ജില്ലാ വികസന സമിതി യോഗത്തില്‍ പ്ലാന്‍ സ്പേസ് പ്രകാരമുള്ള വകുപ്പ്തല പദ്ധതി പുരോഗതിയും എംപി, എംഎല്‍എ പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. കളക്ട്രേറ്റ് എക്സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ എന്‍ കെ അക്ബര്‍, ഇ ടി ടൈസന് മാസ്റ്റര്‍, കെ കെ രാമചന്ദ്രന്, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി ആര് മായ, എംപിമാരുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.