നവസംരംഭകര്‍ക്ക് വ്യവസായ മേഖലയെ കുറിച്ചും സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ബോധവത്കരണ സെമിനാര്‍ നടത്തി. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു .

സംസ്ഥാന സര്‍ക്കാരിന്റെ ‘സംരംഭക വര്‍ഷം 2.0’യുടെ ഭാഗമായി വിവിധ പദ്ധതികള്‍ ആണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. 2022-2023 സാമ്പത്തിക വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി 822 സംരംഭങ്ങള്‍ ആരംഭിച്ചു. 2023- 24 വര്‍ഷത്തില്‍ 509 സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ് അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ശര്‍മ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സനിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.