കേരള സംഗീത നാടക അക്കാദമിയുടെ 2022 ലെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സര അവാർഡുകൾ ഒക്ടോബർ പത്തിന് വൈകീട്ട് അഞ്ചിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കലാകാരന്മാർക്ക് സമർപ്പിക്കും.
19 ഇനങ്ങളിലാണ് അക്കാദമി അവാര്‍ഡ് നല്‍കുന്നത്.മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടന്ന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മാറ്റുരച്ച പത്ത് നാടകങ്ങളില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹമായ നാടകങ്ങളെ തെരഞ്ഞെടുത്തത്.ഗോപിനാഥ് കോഴിക്കോട് ജൂറി ചെയര്‍മാനായും അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മെമ്പര്‍ സെക്രട്ടറിയായും ശിവജി ഗുരുവായൂര്‍ ,വില്‍സണ്‍ സാമുവല്‍ അംഗങ്ങളുമായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഇത്തവണ അഭിനയത്തിലെ മികവിന് രണ്ടുകുട്ടികൾ പ്രത്യേക ജൂറി പരാമർശത്തിനും അർഹരായിട്ടുണ്ട് .
എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, എം.പി. അബ്ദുസമദ് സമദാനി, എം എൽ.എ മാരായ പി.നന്ദകുമാർ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീക്ക തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരിക്കും. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ.കെ .ടി.ജലീൽ എം.എൽ.എ. ആമുഖ പ്രഭാഷണം നടത്തും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, ജില്ലാപഞ്ചായത്ത് അംഗം അഡ്വ.പി.പി മോഹൻദാസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ നന്ദിയും പറയും.
അവാർഡ് സമർപ്പണ ചടങ്ങിനു ശേഷം വൈകീട്ട് 6.30 ന് വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങൾ എന്ന നാടകവും അരങ്ങേറും.