കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ മുന്നറിയിപ്പ് നല്കി. ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറില്‍ 115 മില്ലി മീറ്റര്‍ മുതല്‍ 204 മില്ലിമീറ്റര്‍ വരെ) പെയ്യാന്‍ സാധ്യതയുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ ആവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കും. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹിരിക്കാന്‍ പ്രത്യേക നടപടികളുമുണ്ടാകും.
പാതനിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്കി. മഴകനക്കുന്ന സാഹചര്യത്തില്‍ അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. കാറ്റില്‍ അപകടമായേക്കാവുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍, ഹോര്‍ഡിങ്ങുകള്‍, ബോര്‍ഡുകള്‍, ഇലക്ട്രിക്ക് പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമെന്ന് ഉറപ്പാക്കണം. 24 മണിക്കൂറും വൈദ്യുതിവിതരണവും നിലനിറുത്താനും നടപടി സ്വീകരിക്കണം.
മണ്ണിടിച്ചില്‍ സാധ്യതയുള്ള റോഡുകള്‍ വഴിയുള്ള ഗതാഗതത്തിനും ആവശ്യാനുസരണം നിയന്ത്രണം ഏര്‍പ്പെടുത്തും. താലൂക്ക് – ജില്ലാ കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കും. നദികളിലെ ജലനിരപ്പ് ഉയരുന്നത് പ്രത്യേകം നിരീക്ഷിക്കാന്‍ നിര്‍ദേശം നല്കി. അണക്കെട്ടുകളിലെ ജലനിരപ്പും നിരീക്ഷണവിധേയമാക്കി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തും. മഴമുന്നറിയിപ്പിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി സംവിധാനങ്ങള്‍ സജ്ജമാക്കുമെന്നും ജനങ്ങള്‍ അതത് ഘട്ടങ്ങളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.