ജില്ലയിലെ മുഴുവന്‍ വനിതകള്‍ക്കും പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ‘യോഗ്യ’ തുല്യതാ പഠന പദ്ധതിക്ക് മികച്ച പ്രതികരണം. യോഗ്യ പദ്ധതിയിലൂടെ ഇതിനകം 2205 വനിതകളാണ് പത്താം തരം തുല്യതാ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. കൂടാതെ പ്ലസ്ടു തുല്യതാ പരീക്ഷക്കായി 1268 വനിതകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയില്‍ കാളികാവ് ബ്ലോക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കേരളത്തിലെ സ്ത്രീ ശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയായ കുടുംബശ്രീ മലപ്പുറം ജില്ലയില്‍ നടത്തിയ സര്‍വേയില്‍ 15000 വനിതകളാണ് പത്താം തരം പൂര്‍ത്തിയാക്കാത്തവരായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും പരിശീലനവും നല്‍കി അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്ന പദ്ധതിക്ക് കുടുംബശ്രീ തുടക്കം കുറിച്ചത്.

സംസ്ഥാന സാക്ഷരതാ മിഷന്റെയും തദ്ദേശ, സഹകരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റീസ് (സി.ഡി.എസ്) വഴിയാണ് പദ്ധതിയിലേക്ക് അര്‍ഹരായ വനിതകളെ കണ്ടെത്തുന്നത്.

തുല്യതാ പഠനം ആഗ്രഹിക്കുന്ന 50 വയസിന് താഴെയുള്ള വനിതകള്‍ അതത് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മുഖേനയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. യോഗ്യ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരിശീലനത്തിനായി സാക്ഷരതാ മിഷന്റെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും. ക്ലബ്ബുകള്‍, സഹായ സംഘങ്ങള്‍, ഗ്രാമീണ ലൈബ്രറികള്‍ എന്നിവ വഴിയാണ് പരിശീലനം. സാക്ഷരതാ മിഷന് നല്‍കേണ്ട പരീക്ഷാ ഫീസ് കുടുംബശ്രീയാണ് നല്‍കുക. ഇതിനായി സഹകരണ സംഘങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍-വ്യക്തികള്‍ എന്നിവരില്‍ നിന്നുമുള്ള സഹായങ്ങളും ഉപയോഗപ്പെടുത്തും. തീരദേശം, ആദിവാസി മേഖലകള്‍ എന്നിവയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.