തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്താൻ ശ്രദ്ധേയമായ അവസരം: മന്ത്രി ഡോ. ആർ ബിന്ദു

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ‘ആസ്‍പയർ 2023’ മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ പതിനഞ്ചോളം കമ്പനികൾ തൊഴിൽ നൽകാൻ സന്നദ്ധരായി പങ്കെടുക്കും. ഒക്ടോബർ 24 നാണ് രജിസ്ട്രേഷനുള്ള അവസാന തീയതിയെന്നും മന്ത്രി അറിയിച്ചു.

ഐ.ടി, കൊമേഴ്‌സ്, ബാങ്കിംഗ് ആന്റ് ഫിനാൻസ്, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമോട്ടീവ് തുടങ്ങിയ വിവിധ തൊഴിൽ മേഖലകളിൽ എസ്.എസ്.എൽ.സി മുതൽ പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്താനുള്ള ശ്രദ്ധേയമായ അവസരം ഒരുക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പെന്നു മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

രജിസ്‌ട്രേഷൻ ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമാണ് മേളയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ഇതിനോടകം 200ൽ അധികം ഉദ്യോഗർത്ഥികളും 15 കമ്പനികളും രജിസ്റ്റർ ചെയ്തു.

തൊഴിൽമേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസാപ് കേരളയുടെ വെബ്സൈറ്റിൽ നിന്നും രജിസ്‌ട്രേഷൻ ഫോം ഓൺലൈനായി പൂരിപ്പിച്ച് സമർപ്പിക്കണം. https://asapkerala.gov.in/welcome-to-aspire-2023-irinjalakuda/ ആണ് ഓൺലൈൻ രജിസ്ട്രേഷനുള്ള ലിങ്ക്. തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ചാണ് മേള സംഘടിപ്പിക്കുന്നതെങ്കിലും സമീപ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഇതിൽ പങ്കെടുക്കാം.

വാർത്താ സമ്മേളനത്തിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ജോളി ആൻഡ്രൂസ്, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ ജോയ് പീനിക്കപ്പറമ്പിൽ, അസാപ്പ് കേരള എസ് ഡി എ ഹെഡ് ലൈജു ഐ പി നായർ തുടങ്ങിയവർ പങ്കെടുത്തു.