കേരളീയം മഹോത്സവത്തിന്റെ ഭാഗമായി നഗരത്തിനുള്ളില്‍ സ്വാഭാവിക വനക്കാഴ്ചകളൊരുക്കി വനം -വന്യജീവി വകുപ്പ്.വനം വകുപ്പിന്റെ ആസ്ഥാനമന്ദിര മുറ്റത്ത് പുന:സൃഷ്ടിക്കപ്പെട്ട ഗുഹയ്ക്കുള്ളിലൂടെ പ്രവേശിച്ചാല്‍ നിബിഢ വനക്കാഴ്ച്ചകള്‍ കാണാം. പുല്‍മേടുകളും പാറക്കെട്ടുകളും വെള്ളച്ചാട്ടവും വന്യമൃഗങ്ങളുമായി സ്വാഭാവിക കാടിന്റെ പുന:സൃഷ്ടിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ എക്‌സിബിഷനും ഇതോടൊപ്പം ഉണ്ടാകും.

വനശ്രീ എക്കോ ഷോപ്പ് ഒരുക്കുന്ന വന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയില്‍ കാട്ടുതേന്‍,കറുത്ത കുന്തിരിക്കം,വെളുത്ത കുന്തിരിക്കം,ഓര്‍ഗാനിക്  മഞ്ഞള്‍പൊടി,ചന്ദനം,മറയൂര്‍ വനമേഖലയില്‍ നിന്നുമുള്ള മറയൂര്‍ സാന്‍ഡല്‍ സോപ്പ്,മറയൂര്‍ ചന്ദന തൈലം,മറയൂര്‍ ശര്‍ക്കര എന്നിവയുടെ വിശാലമായ കലവറയും ഒരുക്കിയിട്ടുണ്ട്.സാമൂഹിക വനവല്‍ക്കരണ വിഭാഗത്തില്‍ നിന്നും തേക്കിന്‍ വൃക്ഷത്തൈകളുടെ വില്‍പ്പനയും ഉണ്ടായിരിക്കും.വൈദ്യുത ദീപാലങ്കാരങ്ങളാലുള്ള രാത്രി കാഴ്ചകള്‍ കൂടുതല്‍ വര്‍ണ്ണാഭമാക്കും.പ്രവേശനം സൗജന്യമാണ്.