സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ച് 21 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി നടന്ന വയനാട് ജില്ലയിലെ അക്ഷയ കുടുംബ സംഗമവും അക്ഷയ ദിനാഘോഷവും തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് വയനാട് അക്ഷയ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തിനുശേഷം ജില്ലയിലെ അക്ഷയ സംരംഭകരും ജീവനക്കാരും കുടുംബാംഗങ്ങളും സംഘടിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
എബിസിഡി പദ്ധതി വിഭാവനം ചെയ്യുന്നതിലും ഭംഗിയായി പൂർത്തീകരിക്കുന്നതിലും മുഖ്യപങ്കുവഹിച്ച ജില്ലാ ഭരണകൂടം,അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെയും, ഇ ഗവേണൻസ് അവാർഡ് അക്ഷയ കേന്ദ്ര വിഭാഗത്തിൽ അവാർഡിനു അർഹരായ അക്ഷയ കേന്ദ്രങ്ങളെയും ചടങ്ങിൽ ആദരിച്ചു.
വയനാട് ജില്ലയിലെ അന്തരിച്ച അക്ഷയ സംരംഭകരായിരുന്ന സജു ജനാർദ്ദനൻ,അമൽ നാസർ തുടങ്ങിയവരുടെ അനുസ്മരണവും ചടങ്ങിൽ നടത്തി.
സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ തുടങ്ങിയവർ മുഖ്യാതിഥികളായി. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, വെങ്ങപ്പളളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ,ജനപ്രതിനിധികൾ,ഏലിയാസ് കുര്യൻ, മുംതാസ് പി.സി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.