ഒറ്റക്കെട്ടായി നിലകൊണ്ടും കൂട്ടായ പ്രവർത്തനത്തിലൂടെയും കേരളത്തിന്റെ ഭാവി സംരക്ഷിക്കാൻ കഴിയുമെന്ന ഉറപ്പാണ് നവകേരള സദസ്സിലെത്തുന്ന ജനലക്ഷങ്ങളുടെ കൂട്ടായ്മ നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂർ ഗവ. ബോയ്സ് സ്കൂൾ മൈതാനിയിൽ നടന്ന തിരൂർ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നവകേരള സദസിൽ വലിയ ജനപങ്കാളിത്തമാണുണ്ടാകുന്നത്. വലിയ തോതിലുള്ള സ്ത്രീ പങ്കാളിത്തവും പ്രത്യേകതയാണ്. നാടിന്റെ പരിപാടിയായി കണ്ടു കൊണ്ടുള്ള ഇടപെടലാണ് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ധൈര്യമായി മുന്നോട്ട് പോകാനുള്ള സന്ദേശമാണ് ജനലക്ഷങ്ങൾ നൽകുന്നത്. നവകേരള സദസ്സിനെ ബഹിഷ്കരിക്കുന്നവർ നാടിന്റെ താൽപര്യത്തെയാകെ ബഹിഷ്കരിക്കുകയാണെന്നും തികച്ചും അപക്വമായ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സർക്കാരിനോട് രാഷ്ട്രീയ അസഹിഷ്ണുതയോടെയുള്ള നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുകയാണ്. നികുതിയടക്കമുള്ള കാര്യങ്ങളിൽ വലിയ കുറവ് നേരിടുകയാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട സഹായങ്ങൾ നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ. ഇതുവഴി കേരളത്തിന് ലഭിക്കേണ്ട പണത്തിൽ വലിയ കുറവുണ്ടാകുന്നു.
ഒരു പ്രദേശത്തെ ജനങ്ങളുടെ നിലപാടാണ് ആ പ്രദേശത്തെ പ്രത്യേകതയുള്ളതാക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ഇടപെടലിനെ തുടർന്നാണ് ഇവിടം പ്രത്യേകതയുള്ളതായത്. നവോത്ഥാനകാലം മുതൽ ആരംഭിച്ചതാണ് ആ ഇടപെടൽ. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ വലിയ മാറ്റമാണ് അത്തരം ഇടപെലുകൾ ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ ജോലി ലഭിച്ച ഭിന്നശേഷിക്കാരനായ കബാബ് ബീരാൻ ഫലകം നൽകി മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, പി.രാജീവ്, കെ.രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, വീണാ ജോർജ്, പ്രൊഫസർ ആർ ബിന്ദു, വി.ബാലഗോപാൽ, എം.ബി. രാജേഷ്, പി.പ്രസാദ്, അഹമ്മദ് ദേവർ കോവിൽ, ജെ. ചിഞ്ചു റാണി, വി.അബ്ദുറഹിമാൻ, കെ.എൻ. ബാലഗോപാൽ, വി. ശിവൻ കുട്ടി, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവര്‍ സന്നിഹിതരായിരുന്നു.
സംഘാടക സമിതി ചെയർമാൻ അഡ്വ. യു. സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു.തഹസിൽദാർ എസ്. ഷീജ സ്വാഗതവും നോഡൽ ഓഫീസർ അജിത് സാം ജോസഫ് നന്ദിയും പറഞ്ഞു.സംഘാടക സമിതി വൈസ് ചെയർമാൻ അഡ്വ. പി. ഹംസക്കുട്ടി, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ, വെട്ടം പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് നെല്ലാഞ്ചേരി എന്നിവരും പങ്കെടുത്തു.