നവകേരള സദസ്സിനെ കേരളം നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂർ ഉണ്ണിയാൽ സ്റ്റേഡിയത്ത് താനൂർ മണ്ഡലതല നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മഞ്ചേശ്വരം മുതൽ വൻ ബഹുജന പങ്കാളിത്തമാണ് സദസ്സിന് ലഭിക്കുന്നത്. ഇതിലുള്ള ഭീതിയാണ് ചിലരെ പരിപാടി ബഹിഷ്കരിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ സർക്കാർ വികസനങ്ങൾ കൃത്യമായി അവതരിപ്പിക്കുന്ന നവകേരള സദസ്സിനെ ജനം ആവേശപൂർവ്വം സ്വീകരിക്കുകയാണ്.

സർക്കാരിന്റെ നടപടിക്ക് മുന്നോട്ടു പോകാനാവാത്ത വിധം തടസ്സങ്ങൾ കേന്ദ്രത്തിൽ നിന്നുണ്ടാകുന്നത് വിസ്മരിക്കാനാവില്ല. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു. 57,000 കോടിയോളം രൂപയുടെ കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾ തുറന്ന് പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയാണ് നവകേരള സദസ്സ്.

മാനദണ്ഡം പാലിക്കാതെ ഇഷ്ടക്കാർക്ക് ആനുകൂല്യം വിതരണം ചെയ്യുന്നതിനെതിരെ കേരളം ഒറ്റക്കെട്ടായി നിലപാട് എടുക്കണം. ഇത്തരം വിരോധപരമായ നിലപാടിനെ പ്രോത്സാഹിപ്പിക്കരുത്. ആഗോള -ഉദാവത്കരണ അധിഷ്ഠിത സാമ്പത്തിക നയത്തോട് സംസ്ഥാന സർക്കാർ യോജിക്കുന്നില്ല. രാജ്യത്തെ ജനങ്ങളെ ശിഥിലീകരിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി പോരാടും. മതനിരപേക്ഷത സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കും. ജനങ്ങളുടെ പൂർണ്ണപിന്തുണയിലാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായിക മന്ത്രി വി അബ്ദുറഹ്മാൻ എം എൽ എ അധ്യക്ഷനായി. മന്ത്രിമാരായ പി രാജീവ്‌, ആർ ബിന്ദു, അഹമദ് ദേവർകോവിൽ തുടങ്ങിയവർ സംസാരിച്ചു. താനൂർ മണ്ഡലം നോഡൽ ഓഫീസർ പ്രീതി മേനോൻ സ്വാഗതവും സ്വാഗതസംഘം വൈസ് ചെയർപേഴ്സൺ മല്ലിക ടീച്ചർ നന്ദിയും പറഞ്ഞു.