മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ പട്ടിക ജാതി വികസന ഓഫീസിന്റെയും ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഉദ്യോഗഭേരി’ സൗജന്യ മത്സര പരീക്ഷാ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടികജാതി യുവതി യുവാക്കൾക്കായുള്ള 60 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം നൽകുന്നത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ. എ കരീം സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സറീന ഹസീബ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നസീബ അസീസ്, മെമ്പർമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പത്താംതരം തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പരീക്ഷയിൽ സമ്പൂർണ്ണ വിജയം നേടിയ കരുളായി, പൂക്കോട്ടൂർ, താഴെക്കോട് എന്നീ പഠന കേന്ദ്രങ്ങളെയും ആദരിച്ചു.