ഉദുമ ഗ്രാമപഞ്ചായത്തിലെ ബേക്കല്‍ ഉള്‍പ്പെടെ തീരപ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷിക്കാന്‍ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു. തീരദേശ ക്യാമ്പിന്റെ ഭാഗമായി ഉദുമ പഞ്ചായത്തിലെ ബേക്കലിലെ തീരദേശത്തെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷ.
തീരദേശ മേഖല നേരിടുന്ന പൊതുവായ പ്രശ്നങ്ങള്‍ ബേക്കലും നേരിടുന്നുണ്ട്. കോട്ടിക്കുളം ഹാര്‍ബര്‍ പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള നടപടി നടന്നുവരുന്നു. കടല്‍ക്ഷോഭത്തിന്റെ ദുരിതം അധികമായും അനുഭവിക്കുന്നത് സ്ത്രീകളാണ്. തീരദേശമേഖലയിലെ കിടപ്പുരോഗികളായ സ്ത്രീകളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള നടപടികളും വനിതാ കമ്മീഷന് സ്വീകരിക്കും.
തീരദേശ മേഖലയില്‍ കിടപ്പുരോഗികളുടെ രോഗപരിചരണത്തിനായി വാഹന ഗതാഗത സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പാലിയേറ്റീവ് പരിചരണത്തിനുള്ള പരിശീലനം നല്‍കുന്നത് ഉചിതമായിരിക്കുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
വനിതാ കമ്മീഷന് അംഗങ്ങളായ അഡ്വ.ഇന്ദിരാ രവീന്ദ്രന്, അഡ്വ.പി.കുഞ്ഞായിഷ, വി.ആര്.മഹിളാമണി, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.സുധാകരന്, വാര്‍ഡ് അംഗം എന്‍.ഷൈനിമോള് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകള്‍ സന്ദര്‍ശിച്ചത്.