കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും കൊഴിഞ്ഞുപോക്ക് തടയാനുമായി ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ രോഷ്‌നി പദ്ധതിയെ അഭിനന്ദിച്ച് വിദേശികളും.
കേരളത്തില്‍ സന്ദര്‍ശനത്തിനായി എത്തിയ ന്യൂയോര്‍ക്കിലെ ചേസ് മാന്‍ഹട്ടന്‍ ബാങ്ക് റിട്ടയേഡ് വൈസ് പ്രസിഡണ്ട് വില്യം കോഫ്മാനും (William Kaufmann) കുടുംബവുമാണ് പത്രവാര്‍ത്തകളില്‍ നിന്ന് രോഷ്‌നി പദ്ധതിയെക്കുറിച്ചറിഞ്ഞ് നേരിട്ട് കണ്ടറിയാനായി തൃക്കണാര്‍വട്ടം യൂണിയന്‍ എല്‍പി സ്‌കൂളിലെത്തിയത്. ഭാര്യ കാരന്‍ കോഫ്മാന്‍ (Karen Kaufmann), വിദ്യാഭ്യാസരംഗത്ത് ജോലി ചെയ്യുന്ന മകള്‍ കിംവേര്‍ലി കോഫ്മാന്‍ (Kimverlly Kaufmann) എന്നിവര്‍ കൂടെയുണ്ടായിരുന്നു.
രാവിലെ എട്ടുമണിയോടെ സ്‌കൂളിലെത്തിയ കോഫ്മാനും കുടുംബവും
ഇതരസംസ്ഥാനത്തൊഴിലാളികളുടെ മക്കള്‍ക്കായി നടത്തുന്ന പ്രതേ്യക ക്‌ളാസുകള്‍ ശ്രദ്ധിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുമയ്യ സെയ്തുവും അദ്ധ്യാപകരും സ്‌കൂളിന്റെയും രോഷ്ണി പദ്ധതിയുടെയും വിശദവിവരങ്ങള്‍ കോഫ്മാന് നല്കി.
ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളായ നാല്പതോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഭാഷാ പഠനം എളുപ്പമാക്കുന്നതിനായി വിവിധ ഭാഷകളറിയുന്ന സന്നദ്ധപ്രവര്‍ത്തക രോഷ്ണി പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഇടപെടലുകളും മനസ്സിലാക്കി. രാവിലെ സ്‌കൂളില്‍ പ്രഭാതഭക്ഷണം നല്കുന്ന സമയത്ത് കുട്ടികളോടൊത്ത് സമയം ചെലവഴിക്കുകയും തുടര്‍ന്ന് വിവിധ ക്‌ളാസുകളിലെ കുട്ടികളുമായി സംസാരിക്കുകയും ചെയ്തു.
ടെക്സ്റ്റ് പുസ്തകങ്ങളും പത്രങ്ങളും വിദ്യാര്‍ത്ഥികള്‍ വായിക്കുന്നത് ശ്രദ്ധിച്ച് അഭിനന്ദിക്കുകയും ചെയ്തു. കുട്ടികള്‍ അധ്യാപകരുടെ സഹായത്തോടെ നടത്തുന്ന പച്ചക്കറിത്തോട്ടം സന്ദര്‍ശിക്കാനും കുട്ടികളുടെ പ്രയത്‌നത്തെ അഭിനന്ദിക്കാനും കോഫ്മാന്‍ മറന്നില്ല. വിദ്യാര്‍ത്ഥികളുടെ കഴിവിനെയും സ്‌കൂളിനെയും രോഷ്ണി പദ്ധതിയെയും കുറിച്ച് അഭിനന്ദന വാക്കുകള്‍ സന്ദര്‍ശക പുസ്തകത്തില്‍ കോഫ്മാനും കുടുംബവും എഴുതി. വിദ്യാര്‍ത്ഥികളുടെ ഭാവിജീവിതം വിജയകരമാക്കി തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുവെന്ന് കാരന്‍ കോഫ്മാന്‍ പറഞ്ഞു. 68 വിദ്യാര്‍ത്ഥികളുള്ള സ്‌കൂളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ട സഹായം നല്കുമെന്ന് ഉറപ്പു നല്കിയിട്ടാണ് കോഫ്മാനും കുടുംബവും യാത്രയായത്. ബ്‌ളാക്ക് ബോര്‍ഡുകള്‍, ബെഞ്ചുകള്‍, ഡെസ്‌കുകള്‍ തുടങ്ങി കൂടുതല്‍ സൗകര്യം സ്‌കൂളിലെത്തിക്കാനുള്ള ധനസഹായം നല്കുമെന്ന് കോഫ്മാന്‍ പറഞ്ഞു.
ക്യാപ്ഷന്‍: ന്യൂയോര്‍ക്കില്‍ നിന്നുള്ള കോഫ്മാനും കുടുംബവും തൃക്കണാര്‍വട്ടം യൂണിയന്‍ എല്‍പി സ്‌കൂള്‍ സന്ദര്‍ശിക്കുന്നു.