അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ഉദ്ഘാടനം ചെയ്തു

നീതിന്യായവ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിഭാഷകരുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. അഗളി ഐ.ടി.ഡി.പി കെട്ടിടത്തില്‍ നിര്‍മിച്ച അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതിയ 101 കോടതികള്‍ സ്ഥാപിച്ചു. അഭിഭാഷകര്‍ക്കുള്ള ക്ഷേമനിധി ഫണ്ടിലൂടെ വിരമിക്കുന്ന അഭിഭാഷകര്‍ക്കുള്ള ആനുകൂല്യം 30,000 രൂപയില്‍നിന്ന് 10 ലക്ഷം രൂപയാക്കി ഉയര്‍ത്തി. മെഡിക്കല്‍ സഹായത്തുക 5000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. പുതുതായി എന്റോള്‍ ചെയ്യുന്ന അഭിഭാഷകര്‍ക്ക് സ്‌റ്റൈപെന്‍ഡ് ഏര്‍പ്പെടുത്തുകയും ചെയ്തു. സര്‍ക്കാരിന്റെ സമഗ്രമായ ഇടപെടലിന്റെ തുടര്‍ച്ചയാണ് അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി.
നീതിന്യായവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ബഹുമുഖമായ ഇടപെടല്‍ അനിവാര്യമാണ്. വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണ്.  നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കത്താന്‍ നമുക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു കോടതി. അട്ടപ്പാടിയിലെ ജനങ്ങളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് 40 കിലോമീറ്റര്‍ ദൂരെ മണ്ണാര്‍ക്കാട് വരെ പോകേണ്ട സാഹചര്യമായിരുന്നു. സമയനഷ്ടത്തിനും ധനനഷ്ടത്തിനും പരിഹാരമാവുകയാണ്. തീര്‍പ്പാകാതെ അവശേഷിക്കുന്ന കേസുകളുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ 20.10 ലക്ഷം രൂപ ചെലവിലാണ് അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി പൂര്‍ത്തിയാക്കിയത്. കെട്ടിട സമുച്ചയത്തില്‍ മുന്നില്‍ ഓടിട്ട കെട്ടിടത്തില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, അഡ്വക്കേറ്റ് റൂം, അഡ്വക്കേറ്റ് ക്ലാര്‍ക്ക് ഓഫീസ്, കോപ്പിയിങ് സെക്ഷന്‍, ജൂനിയര്‍ സൂപ്രണ്ട്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ക്യാബിന്‍ എന്നിവ സജീകരിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കോടതി ഹാള്‍, ജുഡീഷ്യല്‍ ഓഫീസറുടെ മുറി, റെക്കോഡ് റൂം, ക്രിമിനല്‍ വിഭാഗം പ്രോപ്പര്‍ട്ടി റൂം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

അഗളി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി. ഹൈക്കോടതി ജഡ്ജിയും പാലക്കാട് ജുഡീഷ്യല്‍ ഡിസ്ട്രിക്ടിന്റെ ചുമതലയുമുള്ള ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ശിലാഫലകം അനാച്ഛാദനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് പി.ഡബ്ല്യു.ഡി ബില്‍ഡിങ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. രാജേഷ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ. അനന്തകൃഷ്ണ നവാഡ, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി. ശ്രീജ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, പാലക്കാട് അഡീഷണല്‍ എസ്.പി രാധാകൃഷ്ണന്‍, സംയോജിത ആദിവാസി വികസന പ്രോജക്ട് ഓഫീസര്‍ വി.കെ സുരേഷ് കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.