കൊച്ചി: സാമൂഹ്യക്ഷേമ പദ്ധതികളെ അവഗണിക്കാതെ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. ചെല്ലാനം ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസം, ആരോഗ്യ ക്ഷേമ പദ്ധതികള്‍ എന്നിവയിലുണ്ടായ ഗുണകരമായ മാറ്റം സര്‍ക്കാരിന്റെ ഇടപെടലുകളിലൂടെ നേടിയതാണ്. എല്ലാ പി.എച്ച്.സികളുടേയും ഗുണനിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തും. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ ഓഫീസ് സംവിധാനം നിര്‍മ്മിച്ചതിന് ചെല്ലാനം പഞ്ചായത്ത് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു. തദ്ദേശ സ്വയംഭരണ രംഗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ് കേരളം. തൊഴിലുറപ്പ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മുന്നിലുള്ളത്. പ്രളയാനന്തരം കേരളത്തിലെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ വലിയ പങ്കുവഹിക്കുന്നത് ഇവരാണ്. ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയണം. ഗ്രാമസഭകള്‍ കൂടുതല്‍ സജീവമാക്കാനുള്ള ഇടപെടല്‍ ഉണ്ടാകണം. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം.
ജനങ്ങള്‍ക്ക് ആവശ്യമായ മാതൃകാപരമായ പദ്ധതികള്‍ ഉണ്ടാക്കി സാമാന്യ ജനവിഭാഗങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളായി ഇന്ന് പഞ്ചായത്തുകളും അതിന്റെ അധികാരവും മാറിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണ്. 100 ദിവസങ്ങള്‍ക്ക് പകരം 150 ദിവസങ്ങള്‍ തൊഴില്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കൃഷിസ്ഥലം ഒരുക്കല്‍, മത്സ്യത്തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, മൃഗസംരക്ഷണം, ലൈഫ് പദ്ധതി, ഇറിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാവുന്നതാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെല്ലാനം ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേന്ദമംഗലത്തിന്റെ ചേക്കുട്ടി പാവകളെ നല്‍കിയാണ് അതിഥികളെ ചടങ്ങിലേക്ക് സ്വീകരിച്ചത്. പുതിയ പഞ്ചായത്ത് ഓഫീസിനായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ അറക്കല്‍ ഫെലിക്‌സിനും കുടുംബത്തിനും പഞ്ചായത്ത് അധികൃതര്‍ നന്ദി പറഞ്ഞു. പഞ്ചായത്തിലെ പഴയ ഓഫീസ് മണ്ണിന് താഴേക്ക് ഇരുന്ന് പ്രവര്‍ത്തന യോഗ്യമല്ലാതായിരുന്നു. പിന്നീട് നാല് വര്‍ഷത്തോളം വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. രണ്ടു നിലകളിലായി 4969 ചതുരശ്ര അടിയിലാണ് പുതിയ ഓഫീസ് നിര്‍മ്മിച്ചിട്ടുള്ളത്. ഓഫീസ് കെട്ടിടത്തിനുള്ളിലെ കൗണ്‍സില്‍ ഹാള്‍ എറണാകുളം എംപി പ്രൊഫ. കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. ചെല്ലാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.പി ഷീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ പി.എച്ച് ഇല്ല്യാസ്,  ഇന്റീരിയര്‍ ഡിസൈനര്‍ എം.എം സഹീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാര്‍ഡുകളില്‍ നിന്നു സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന തുകയുടെ ഡി.ഡി പ്രതിനിധികള്‍ മന്ത്രിക്ക് കൈമാറി.
കൊച്ചി എംഎല്‍എ കെ.ജെ മാക്‌സി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. അനിതാ ഷീലന്‍, ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഡി പ്രസാദ്, പള്ളുരുത്തി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പി പൊന്നന്‍, ചെല്ലാനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.