ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ ജില്ലയിൽ ജനകീയ പദ്ധതികളൊരുക്കി ജില്ലാ കുടുംബശ്രീ മിഷൻ. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് കുട്ടികളുടെയും വനിതകളുടെയും ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികൾ കുടുംബശീ മുഖേന നടപ്പാക്കി വരുന്നത്. എട്ടോളം തനത് പദ്ധതികളാണ് ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്നത്.
കുടുംബശീ സംരംഭകർ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് സ്ഥിരമായ വിപണി ഉറപ്പുവരുന്നതിനും കുടുംബശീ ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുമായി ഹോം ഷോപ്പ്, സ്ത്രീകൾ, ട്രാൻസ് ജെൻഡറുകൾ എന്നിവർക്ക് നേരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും ഇല്ലാതാക്കുന്നതിനും ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ ജെൻഡർ സൗഹൃദമാക്കുക, ജീവനക്കാർക്കിടയിൽ ലിംഗനീതിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി സ്ത്രീ സൗഹൃദ സർക്കാർ സ്ഥാപനങ്ങൾ, വീടുകളിൽ നിന്നും ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ഹരിത കർമ്മസേന മുഖേന ശേഖരിച്ച് മൂല്യ വർധിത ഉൽപന്നമാക്കി വിപണിയിൽ എത്തിക്കുന്ന ടെക്‌സ്റ്റെൽസ് റീസൈക്ലിങ്, പ്രാദേശിക തലത്തിൽ കുടുംബശ്രീ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ വിപണന മേളകൾ, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി കുടുംബശ്രീ ബാലസഭ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി ബഡ്‌സ് സ്‌കൂൾ, കുടുംബത്തിന്റെ സമ്പൂർണ്ണ പോഷകാഹാര ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകി അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ തുടങ്ങിയ പദ്ധതികളും കുടുംബശ്രീ മുഖേന നടപ്പാക്കുന്നു.
പി.എൻ പണിക്കർ ഫൗണ്ടേഷനുമായി സഹകരിച്ച് കുടുംബശ്രീ ജില്ലാ മിഷൻ മുഖേന ഡ്രൈവ് ഡിജിറ്റൽ സാക്ഷരതാ ക്യാമ്പയിനും നടന്നുവരുന്നു. ജില്ലയിലെ മുപ്പതിനായിരം അയൽകൂട്ട വനിതകളെ ഡിജിറ്റൽ സാക്ഷരരാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ തൊഴിൽ മേളകളും സംഘടിപ്പിച്ചു വരുന്നുണ്ട്. കേരളത്തിൽ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനും മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയുമാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമിടുന്നത്. മലപ്പുറം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളത്തിൽ കുടുംബശീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ഡി.പി.എം എൻ.ആർ ഷംന, സി.കെ റിസ്‌വാന എന്നിവർ പങ്കെടുത്തു.